മാലിന്യ മുക്ത നവകേരളം..സർക്കാറിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണ…

 

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

 

മാലിന്യ സംസ്കരണ പ്രവത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽ

സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ‌ ഏതൊക്കെയെന്ന് സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം

ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം.

 

മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വ സ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം

പാഴ് വസ്തു ശേഖരണം, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ, ശേഖരിച്ചവ സംഭരിക്കൽ, പാഴ് വസ്തുക്കൾ നീക്കം ചെയ്യൽ, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യൽ, ഗാർബേജ് വൾനറബിൾ പോയിന്റുകൾ നീക്കം ചെയ്യൽ, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എൻഫോഴ്സ്മെൻറ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ വിടവുകള്‍ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

 

സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയ ടൗണുകൾ, റസിഡൻഷ്യൽ ഏര്യകൾ, പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും.

.

.