കേരള സർക്കാരിന്‍റെ നേട്ടങ്ങൾ; അഞ്ച് സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും


ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം നൽകുക


പിണറായി സർക്കാറിന്റെ പരസ്യം ഇതര സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും. സർക്കാർ നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാവും പ്രദർശിപ്പിക്കുക. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം നൽകുക. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും.

 

ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. ഇതിനായി 18,19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾവെച്ച വകയിൽ രണ്ടുകോടി 46 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തിലുടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവേ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവായത്