*ഉദയംപേരൂരിൽ നിന്ന് മുൻ ഏരിയ കമ്മിറ്റി മെമ്പർ ഉൾപ്പടെ അൻപതോളം സി.പി.എം. പ്രവർത്തകർ കോൺഗ്രസിലേക്ക്*


 

 

 

എറണാകുളം: തൃപ്പൂണിത്തുറ ഉദയംപേരൂരിൽ മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.എൽ. സുരേഷിന്റെ നേതൃത്വത്തിൽ എട്ട് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ അൻപതോളം സി.പി.എം. പ്രവർത്തകർ കോൺഗ്രസിലേക്ക്. എറണാകുളം പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തിൽ അവർ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സി.പി.എമ്മിൽ. ഉണ്ടായ പൊട്ടിത്തെറിയാണ് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിലേക്ക് എത്തിയത്. സി.പി.എം. സ്വാധീനമേഖലയായ ഉദയംപേരൂരിൽ ഈ മാറ്റം ജില്ലയിൽ തന്നെ സി.പി.എമ്മിന് കനത്ത തിരിച്ചടിയാവും എന്ന് വിലയിരുത്തുന്നു.

 

ഇടത് ആശയം കേരളത്തിലെ സി.പി.എമ്മിൽ നിന്ന് നഷ്ടമായെന്നും ചോദ്യങ്ങൾ ചോദിയ്ക്കാൻ പോലും കഴിയാത്ത സർവ്വാധിപത്യത്തിലേക്ക് സി.പി.എം. മാറി എന്ന് എം.എൽ. സുരേഷ്, കെ. മനോജ്, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ എൻ.ടി. രാജേന്ദ്രൻ എന്നിവർ ആരോപിച്ചു. ആർ.എസ്.എസുമായുള്ള ചങ്ങാത്തം പോലും ചോദ്യം ചെയ്യാൻ കഴിയാത്ത നിലയിൽ സി.പി.എം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് മാറി. വർഗീയതയോട് സന്ധി ചെയ്തും അധികാരം നിലനിർത്തണം എന്നത് മാത്രമാണ് ഇന്ന് ലക്‌ഷ്യം. ഇടത് രാഷ്ട്രീയത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത് കോൺഗ്രസാണെന്ന തിരിച്ചറിവാണ് തങ്ങളെ കോൺഗ്രസിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് അവർ പറഞ്ഞു. സി.പി.ഐ.യും സമ്പൂർണ്ണമായി സി.പി.എമ്മിന് കീഴടങ്ങിയിരുന്നു. സംസ്ഥാന നേതൃത്വം മാത്രമല്ല, ഉദയംപേരൂർ ഉൾപ്പടെ പ്രാദേശിക നേതൃത്വവും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മാഫിയ പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന സാഹചര്യമാണ്. ഇതിനെയൊന്നും ചോദ്യം ചെയ്യാൻ ധാർമ്മികത ഇല്ലാത്ത നിലയിൽ ഉന്നത നേതൃത്വവും ദുഷ്പ്രവണതകളിലാണ്. ഇടതു മൂല്യമുള്ള ഒരാൾക്കും ആ പാർട്ടിയിൽ തുടരാൻ കഴിയില്ല എന്നും അവർ പറഞ്ഞു.

 

ഈ മാസം പതിനൊന്നിന് ഉദയംപേരൂർ നടക്കാവിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ അംഗത്വം സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. പോൾ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് സി.വിനോദ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോൺ ജേക്കബ്, മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.