കീച്ചേരി സർവീസ് സഹകരണ ബാങ്കിന് നീതി മെഡിക്കൽ സ്റ്റോർ അനുവദിച്ചു
കീച്ചേരി സർവീസ് സഹകരണ ബാങ്കിന് നീതി മെഡിക്കൽ സ്റ്റോർ അനുവദിച്ചു.നാലു വർഷമായി സഹകരണ വകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കയായിരുന്നു. ഇന്നലെയാണ് സഹകരണ വകുപ്പ് ജോ: രജിസ്ട്രാർ നീതി മെഡിക്കൽ സ്റ്റോർ തുടങ്ങാൻ അനുമതി നൽകിയത്.ബാങ്ക് പൊതുയോഗവും, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകളും ഈ ആവശ്യം പല പ്രാവശ്യമായി ഉന്നയിച്ചിരുന്നു. കാലതാമസം വന്നപ്പോൾ അരയൻ കാവ് ടൗൺ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും സഹകരണ വകുപ്പിലും പരാതി നൽകുകയുണ്ടായി. ഇതിനിടയിൽ അരയൻ കാവിലെ തന്നെ ഒരു സ്വകാര്യ മെഡിക്കൽ സ്റ്റോർ നടത്തുന്നയാൾ അനുവദിക്കാതിരിക്കാൻ തടസവാദങ്ങളുമായി പരാതി നൽകുകയും ചെയ്തു. എന്തായാലും വൈകിയാണെങ്കിലും നീതി മെഡിക്കൽ സ്റ്റോറിന് അനുമതി ലഭിച്ചിരിക്കയാണന്ന് ബാങ്ക് പ്രസിഡണ്ട് ആർ.ഹരി അറിയിച്ചു.ബാങ്കിൻ്റെ അരയൻ കാവ് ജംഗ്ഷനിലുള്ള പ്രഭാത-സായാഹ്ന്ന ബ്രാഞ്ച് കെട്ടിടത്തിലാണ് തുടങ്ങുന്നത്.ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെയും വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് വാങ്ങാൻ കഴിയും.