*കോതമംഗലം:* നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പെട്ടിക്കട ഉടമയായ യുവതിക്ക് ദാരുണാന്ത്യം. നെല്ലിമറ്റം കോളനിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പനംതോട്ടത്തിൽ വീട്ടിൽ ശോഭ സുരേഷ് (31) ആണ് മരിച്ചത്. ഇന്ന്(ചൊവ്വ) വൈകിട്ട് മൂന്ന് മണിയോടെ നെല്ലിമറ്റം സെൻ്റ് ജോസഫ് പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം.
പെട്ടിക്കടയുടെ മുമ്പിൽ ഇരിക്കുകയായിരുന്ന ശോഭയെ ഇടിച്ചിട്ട ശേഷം കടയും ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്. ഗുരുതര പരിക്കേറ്റ ശോഭയെ ഉടൻതന്നെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേത ഇടുക്കി കട്ടപ്പന തൊപ്പിപ്പാള സ്വദേശിനിയാണ്.