വടാട്ടുപാറ ഭാഗത്ത് ഇടമലയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും.
പലവൻപടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാർ വൈദ്യുതി പദ്ധതിയിൽനിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകൽ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാൽ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണൽത്തിട്ടയിൽനിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്. ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. പെട്ടെന്ന് ചുഴിയുണ്ടാകുമ്പോൾ മണൽതിട്ട അടർന്നുപോകും. സിദ്ധിക്കും ഫായിസും നിന്ന മണൽതിട്ട ഇത്തരത്തിൽ അടർന്ന് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമം വിഫലമായി.ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞതോടെ കോതമംഗലത്തുനിന്ന് ഫയർഫോഴ്സിന്റെ സ്കൂബ ടീമും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ മുങ്ങിയെടുത്തത്.