പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ലഹരിയില്‍ ഡ്രൈവറുടെ പരാക്രമം; വീടിന്റെ പറമ്ബിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി.

എറണാകുളം: പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഓട്ടോ ഡ്രൈവരുടെ പരാക്രമം; ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ലഹരിയിലായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല.

 

യാത്രക്കാരിയായ പെണ്‍കുട്ടി പരിഭ്രാന്തയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

 

വ്യാഴാഴ്ച സന്ധ്യക്ക് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്ന് പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ ഭാഗത്തേക്ക് ഡാന്‍സ് ക്ലാസിലേക്ക് പോകുവാനാണ് പെണ്‍കുട്ടി മെട്രോ ഫീഡര്‍ നടത്തുന്ന ഓട്ടോയില്‍ കയറിയത്. പെണ്‍കുട്ടി പറഞ്ഞ വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഇറക്കാതെ തൊട്ടടുത്തുള്ള വീടിന്റെ പറമ്ബിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. പരിഭ്രാന്തയായ പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി ഓടി ക്ലാസിലെത്തി ഡാന്‍സ് മാഷിനോട് കാര്യം അവതരിപ്പിച്ചു. ബഹളം കേട്ട് ഓട്ടോ ഓടിച്ചുകേറ്റിയ സ്ഥലത്തെ വീട്ടുകാരും ഓടിയെത്തി.

 

കാര്യം തിരക്കിയപ്പോള്‍ ഓട്ടോഡ്രൈവര്‍ വീട്ടുകാരെ അസഭ്യം വിളിച്ച്‌ ബഹളം വയ്ക്കുവാന്‍ തുടങ്ങി. ഈസമയം ഒരു വിവാഹസത്കാരത്തില്‍ പങ്കെടുത്തു മടങ്ങിവന്ന ഗൃഹനാഥന്റെ കൂടെ ഉണ്ടായിരുന്ന ഇയാളുടെ അനിയനും ബന്ധുക്കളും ഓടിവന്ന് ഒട്ടോ തള്ളി റോഡില്‍ കൊണ്ടുവന്നതോടുകൂടി നാട്ടുകാരും അതുവഴി പോയ യാത്രക്കാരും കൂടി. ഓട്ടോ ഡ്രൈവറുടെ പ്രകടനം കണ്ടപ്പോള്‍ നാട്ടുകാര്‍ മരട് പോലീസില്‍ വിവരം അറിയിച്ചു.

 

എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം കൊടുങ്ങല്ലൂര്‍ സ്വദേശിയായ മെട്രോ ഫീഡര്‍ ഓട്ടോ ഡ്രൈവര്‍ മനോജിനെ കസ്റ്റഡിയിലെടുത്തു. സംഭവം സിഎംആര്‍എല്ലിനെ അറിയിച്ച്‌ ഉചിതമായ നടപടിയെടുക്കുമെന്ന് മരട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഉറപ്പുലഭിച്ചശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. കസ്റ്റഡിലെടുത്ത ഡ്രൈവരെ പീന്നിട് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.