മൂവാറ്റുപുഴ : ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിന്റെയും, ഓഫീസിൽ തയ്യാറാക്കിയ ഹെൽപ്പ് ഡെസ്ക്കിന്റെയും ഉദ്ഘാടനം നാളെ മൂവാറ്റുപുഴയിൽ നടക്കുമെന്ന് ഈസ്റ്റ് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ആണ് ഓഫീസിൻറെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയിൽ എത്തുന്ന രാജീവ് ചന്ദ്രശേഖരനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെള്ളൂർക്കുത്തുള്ള ജില്ലാ ഓഫീസിലേക്ക് ആനയിക്കും. ഓഫീസിലെ ഉദ്ഘാടനത്തിനുശേഷം മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസിതകേരളം കൺവെൻഷനും രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം ഹോട്ടൽ കബനി പാലസിൽ നടക്കുന്ന ബിജെപി പ്രവർത്തകരുടെ നേതൃസംഗമത്തിലും രാജീവ് ചന്ദ്രശേഖരൻ പങ്കെടുക്കും. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി സജീവ് , ജില്ല ജനറൽ സെക്രട്ടറിമാരായ ഇ ടി നടരാജൻ, അരുൺ പി മോഹനൻ, സൂരജ് ജോൺ മലയിൽ, ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി ചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.