മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തിരികൊച്ചി മാർക്കറ്റിൽ ഫുൾടൈം വാച്ച്മാൻ – സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറ്
വി വി ജോസ് എന്ന ആളുടെ നിയമനം അനധികൃതമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നു ജോലിയിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ജില്ല ജോയിൻറ് ഡയറക്ടറുടെ കാര്യായം നോട്ടീസ് നൽകി.
സർക്കാർ സ്ഥാപനങ്ങളിൽ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരിധിയിൽ വരാത്ത നിയമനങ്ങൾ സർക്കാർ മാർഗരേഖ പ്രകാരം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം വേണമെന്ന് സർക്കാർ നിർദ്ദേശം അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് ഭരണസമിതി ഇത്തരത്തിൽ അനധികൃത നിയമനം നടത്തിയിട്ടുള്ളത്. നിലവിൽ ഏതാണ്ട് ഇരുപതിൽ അധികം താൽക്കാലിക ജീവനക്കാരെ ഇത്തരത്തിൽ ചട്ടങ്ങൾ മറികടന്ന് നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ അനധികൃതമാണെന്നും പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.
പൊതുപ്രവർത്തകനായ അരുൺ പോട്ടയിൽ അനധികൃത നിയമനം സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ജില്ല ജോയിൻറ് ഡയറക്ടറുടെ കാര്യാലയം നടപടിക്ക് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഫുൾടൈം- പാർട്ട് ടൈം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ 50 വയസ്സ് അധികരിക്കരുത് എന്ന് സർക്കാർ നിർദേശം നിലവിലുള്ളപ്പോഴാണ് ഐഎൻടിയുസി യൂണിയനിൽ ചുമട്ടുതൊഴിലാളിയായിരുന്ന വി വി ജോസ് ആ ജോലിയിൽ നിന്ന് വിരമിച്ച ശേഷം 62 വയസ്സിൽ പ്രസ്തുത ജോലിയിൽ പ്രവേശിച്ചത്. നിലവിൽ 18000 രൂപയാണ് പ്രതിമാസ ശമ്പളം. കഴിഞ്ഞ ഏഴ് വർഷമായി ഇയാൾ ഈ ജോലിയിൽ അനധികൃതമായി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ തുടരുകയായിരുന്നു. സമാന സ്വഭാവം ഉള്ള മറ്റു അനധികൃത നിയമനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രാദേശിക ഭരണത്തിന്റെ മറവിൽ ഇത്തരത്തിൽ തങ്ങളുടെ വേണ്ടപ്പെട്ടവരെ ഉയർന്ന ശമ്പളം നൽകി ജോലിയിൽ പ്രവേശിക്കുന്ന രീതി കാലങ്ങളായി തുടരുകയാണ് മുളന്തുരുത്തിയിലെ കോൺഗ്രസ് – യുഡിഎഫ് നേതൃത്വം. സമീപകാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ബെന്നിയുടെ അടുത്ത ബന്ധുവിനെ പട്ടികജാതി സംവരണം അട്ടിമറിച്ച് അംഗനവാടി വർക്കർ തസ്തികയിൽ നിയമിച്ചത് വലിയ വിവാദമായിരുന്നു. പരാതികളുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിൽ ആ നിയമനം റദ്ദ് ചെയ്തിരുന്നു.
ഈ നാട്ടിലെ അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ തഴഞ്ഞുകൊണ്ട് സ്വജനപക്ഷപാതകരമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നടത്തിയ എല്ലാ നിയമങ്ങളും ജനാധിപത്യത്തോടും ഈ നാട്ടിലെ ജനങ്ങളോടുമുള്ള വെല്ലുവിളി ആണ് എന്ന് അരുൺ അഭിപ്രായപെട്ടു.