ബെംഗളൂരു വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺവിളി; മറ്റൊരു നമ്പറിൽ നിന്ന് പലരെയും ഭീഷണിപ്പെടുത്തുന്നതായി പരാതി ലഭിച്ചെന്ന് അവകാശവാദം; നമ്പർ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണി; അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം; പരാതി നൽകി പിറവം എംഎൽഎ

പിറവം എംഎൽഎ അനൂപ് ജേക്കബിനെ കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു വിജിലൻസിൽ നിന്നാണെന്നും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഫോൺ സന്ദേശം എത്തി. എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്തു. സംഭവത്തിൽ എംഎൽഎ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.

 

മറ്റൊരു ഫോൺ നമ്പർ എംഎൽഎയുടെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് പലരെയും തട്ടിപ്പിനിരയാക്കിയെന്ന് പറഞ്ഞാണ് ഫോൺകോൾ വന്നത്. കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പിന്നാലെ എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ ഫോൺ എടുത്തില്ല. സാമ്പത്തിക തട്ടിപ്പിന് എംഎൽഎയെ ഇരയാക്കാനുള്ള ശ്രമമായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു

ഇന്നലെ രാവിലെ 10ന് എം.എൽ.എയുടെ ഫോണിൽ വിളിച്ച് വിലാസം തിരക്കി. എം.എൽ.എയാണെന്ന് അറിയാതെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നെന്ന് കരുതുന്നു. ഇത്തരത്തിൽ ആഴ്‌ചയിൽ മൂന്ന് പരാതിയെങ്കിലും സ്റ്റേഷനിൽ എത്താറുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞതായി എംഎൽഎ അറിയിച്ചു