ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ മെട്രോപോലിറ്റിൻ സിറ്റിയുടെ ഭാഗമാക്കണം. വികസന രംഗത്ത് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് സമീപ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ കൊച്ചി മെട്രോ പോലിറ്റിൻ സിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് *ഏഡ്രാക് ആമ്പല്ലൂർ മേഖലാ കമ്മറ്റി* സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡൻ്റ് കെ എ മുകുന്ദൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടി ആർ ഗോവിന്ദൻ പ്രമേയം അവതരിപ്പിച്ചു. റോഡ്, റെയിൽ, ജല മാർഗ മുൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളും, ടൂറിസം സാധ്യതകളും കുറഞ്ഞ വിലക്ക് സ്ഥലലഭ്യതയും മറ്റും പരിഗണിക്കുമ്പോൾ അമ്പല്ലൂരിനെ മെട്രൊ സിറ്റിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ ജില്ലയുടെ വ്യവസായിക, വാണിജ്യ ടൂറിസം വികസന രംഗത്ത് വളരെ പ്രയോജന പ്രദമായിരിക്കുമെന്ന് കമ്മറ്റി വിലയിരുത്തി. ജില്ലാ ആസ്ഥാനത്തു നിന്നു വളരെ ദൂരെയുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്തിയപ്പോൾ 20 കിലോമീറ്റർ മാത്രം ദൂരമുള്ള ആമ്പല്ലൂരിനെ ഉൾപ്പെടുത്താത്തത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പല പ്രധാന പദ്ധതികൾക്കും ആമ്പല്ലൂർ പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് പല കാരണങ്ങളാൽ അവഗണിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. മാലിന്യസംസ്കരണത്തിലും ശുചിത്വത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആമ്പല്ലൂരിനെ മെട്രോ പോലിറ്റിൻ ആസൂത്രണ സമിതിയിൽ ഉൾപെടുത്തിയാൽ എറണാകുളം ജില്ലയുടെ വികസന ഗതിവേഗത്തിനൊപ്പം മുന്നേറാൻ ആമ്പല്ലൂരിനും കഴിയുമെന്നും അംഗങ്ങൾ ചൂണ്ടി കാട്ടി