ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
സീവ്യൂ വാര്‍ഡില്‍ ഹോട്ടല്‍ ആലാ വെനീസ്, മുല്ലക്കല്‍ വാര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ക്ക് സമീപമുള്ള ഇന്ത്യന്‍ കോഫീ ഹൗസ്, മുല്ലക്കല്‍ വാര്‍ഡിലെ ദ്വാദശി ഹോട്ടല്‍, മോഹന്‍ ഹോട്ടല്‍, യുവരാജ് ഹോട്ടല്‍ എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ഹോട്ടല്‍ ആലാ വെനീസില്‍ നിന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ് ഫ്രൈ, ചിക്കന്‍, കപ്പ പുഴുങ്ങിയത്, മീന്‍ കറി, ചിക്കന്‍ കറി, ബീഫ് കറി, പഴകിയ 7 കവര്‍ പാല്‍, ദ്വാദശി ഹോട്ടലില്‍ നിന്നും ഫ്രൈഡ്റൈസ്, മസാലദോശ, വട, പരിപ്പുവട, യുവരാജ് ഹോട്ടലില്‍ നിന്നും പഴകിയ 4 പാക്കറ്റ് പാല്‍, മോഹന്‍ ഹോട്ടലില്‍ നിന്നും വേവിച്ച ചോറ്, ചിക്കന്‍, ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്നും ചിക്കന്‍ പൊരിച്ചത്, പഴകിയ പാല്‍ എന്നീ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ഓണത്തോടനുബന്ധിച്ച് നഗരത്തിലെ ഹോട്ടലുകളിലും, സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ സ്ഥാപനങ്ങള്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും, ഭക്ഷ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും, വലുതുമായ വീഴ്ചകളെ അതീവ ഗുരുതരമായിക്കണ്ട്, ജനങ്ങളുടെ സുരക്ഷ മുന്നിനിര്‍ത്തി കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എസ് കവിത എന്നിവര്‍ അറിയിച്ചു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. മനോജ് കുമാറി നേതൃത്വത്തില്‍ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ഐ.കുമാര്‍, സാലിന്‍, ജെ.ഖദീജ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.