കാഞ്ഞിരമറ്റം : സംസ്ഥാന ഹൈവേയുടെ ഭാഗമായ കോട്ടയം- എറണാകുളം റോഡിൽ കാഞ്ഞിരമറ്റം- പുത്തൻകാവിനും ഇടയിൽ അതിശക്തമായ മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതോടെ വലിയ അപകടക്കുഴി രൂപപ്പെട്ടു. കഴിഞ്ഞവർഷം ഈ സമാന സ്ഥലത്ത് തന്നെ കുഴി രൂപപ്പെടുകയും അനവധി പേർ അപകടത്തിൽ പെടുകയും ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തിരുന്നു. തുടർന്ന് പൊതുജനങ്ങൾ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി ഉയർന്നതിനെ തുടർന്ന് കുഴിമൂടുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും കുഴി രൂപപ്പെടുകയും നവ കേരള സദസ്സ് യാത്ര ഇതുവഴി പോകുവാൻ സാധ്യതയുള്ളത് മൂലം വീണ്ടും അധികൃതർ മൂടുകയും ചെയ്തിരുന്നു. എന്നാൽ ഈ റോഡിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നത് മൂലം ശാശ്വത പരിഹാരം പിഡബ്ല്യുഡി അധികൃതർ ഇതുവരെ കൈക്കൊള്ളാത്തത് മൂലം വീണ്ടും അതെ കുഴി രൂപപ്പെട്ടിരിക്കുന്നു. കുഴി രൂപപ്പെട്ടതിനെ തുടർന്ന് ബസ്സുകൾ അടക്കം ഇവിടങ്ങളിൽ കുഴയിൽ ഇറങ്ങിക്കയറുന്നതുകൊണ്ട് പകൽ സമയങ്ങളിൽ ഗതാഗത തടസ്സവും രൂപപ്പെട്ടിരിക്കുന്നു. രാത്രികാലങ്ങളിൽ വാഹനം ഒറ്റപ്പെട്ട് യാത്ര ചെയ്യുമ്പോൾ ഈ കുഴിയിൽ വീണ് വലിയ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. കുഴി രൂപപ്പെട്ടു വേണ്ടപ്പെട്ട അധികൃതർ ഇതുവരെ അവിടെ വേഗത കുറച്ചു പോകുവാൻ വേണ്ട ബോർഡുകളോ മറ്റു നടപടികളോ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞവർഷം നടന്നത് പോലെ ജീവൻ പൊലിയുന്ന അവസ്ഥ ഉണ്ടായാൽ മാത്രമേ വേണ്ടപ്പെട്ട അധികൃതരുടെ കണ്ണ് തുറക്കൂ. കഴിഞ്ഞ ബഡ്ജറ്റിൽ ഈ റോഡിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് ടാറിങ്ങിന് വേണ്ട തുക മാത്രമേ വിലയിരുത്തിയിട്ടുള്ളൂ എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ഇടുങ്ങിയ കാഞ്ഞിരമറ്റം – പുത്തൻകാവ് റോഡ് കാലോചിതമായ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ ഇവിടെ വേണ്ടപ്പെട്ട അധികൃതർ കൈക്കൊണ്ടിട്ടില്ല.
♡


