അപകടം പതിയിരിക്കുന്ന ചാലക്കപ്പാറ ജംഗ്ഷൻ’ ഏത് നിമിഷവും അപകടം മുന്നിൽ കണ്ടാണ് വ്യാപാരികളും യാത്രക്കാരും,ഓട്ടോക്കാരും കഴിച്ചുകൂട്ടുന്നത്. രണ്ടു മരങ്ങൾ റോഡിന് ഇരുവശവും വളർന്ന് പന്തലിച്ചു നിൽക്കുന്നുണ്ട് ഇത് രണ്ടും അപകടാവസ്ഥയിലാണ് ‘ എറണാകുളം-കോട്ടയം റൂട്ടിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന ജംഗ്ഷനിലാണ് ഈ മരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്.ചരക്കു കയറ്റി വരുന്ന കണ്ടയ്നർ ലോറികൾ പലപ്പോഴും മരക്കൊമ്പുകളിൽ ഇടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ലോഡിറക്കി വന്ന കണ്ടയ്നർ ലോറി വന്നിടിച്ച് ക്യാബിൻ ചരിഞ്ഞു തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.പൊതുമരാമത്ത് വകുപ്പും ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റും തികഞ്ഞ അലംഭാവമാണ് തുടർന്നു പോരുന്നത്. 100 കണക്കിന് യാത്രക്കാർ വന്നു പോകുന്ന ജംഗ്ഷൻ കൂടിയാണ് ചാലക്കപ്പാറ ജംഗ്ഷൻ. ഈ മരത്തിനു താഴെയാണ് ഓട്ടോകളും പാർക്കു ചെയ്യുന്നത്, മരക്കൊമ്പ് ഒടിഞ്ഞു വീണാൽ തന്നെ അപകടം ഉറപ്പാണ്. ഇവിടുത്തെ തണൽമരങ്ങൾ എത്രയും വേഗം വെട്ടിമാറ്റണമെന്നത് ജനകീയാവശ്യമാണ്. വലിയ അപകടത്തിനു മുന്നേ പരിഹാരം വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.