
അരയൻകാവ്: ജിനു റബേഴ്സ് എന്ന റബ്ബർ വ്യാപാര സ്ഥാപനത്തിൽ നിന്ന് 30,000 രൂപയോളം മോഷ്ടിക്കപ്പെട്ടു. ഇന്ന് (ഒക്ടോബർ 18, 2025) രാവിലെ 11:30 യോടെയാണ് സംഭവം.
റബ്ബർ കടയിൽ ജാതിപത്രി ആവശ്യപ്പെട്ടെത്തിയ ആളാണ് മോഷണം നടത്തിയത്. ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ കടയിലെത്തിയത്. വിദേശത്തേക്ക് പോകുവാനാണ് ജാതിപത്രി ആവശ്യമെന്നും ഇയാൾ കടയുടമയായ ജോയിയെ ധരിപ്പിച്ചു. ജാതിപത്രി തൂക്കി നൽകുന്നതിനായി സമയത്താണ് മോഷ്ടാവ് കടയിലെ മേശവലിപ്പം തുറന്ന് പണം കവർന്നത്. ഏകദേശം മുപ്പതിനായിരം രൂപയോളം മോഷണം പോയതായാണ് കണക്ക്.
സാധനങ്ങൾ എടുത്തശേഷം തൊട്ടടുത്ത കടയിൽ പോയി ഉടൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മോഷ്ടാവ് കടയിൽ നിന്ന് ഇറങ്ങിയത്. ഏറെനേരം കാത്തിരുന്നിട്ടും ഇയാളെ കാണാതായതോടെ, ഉച്ചയൂണിനായി കടയടച്ച് വീട്ടിലേക്ക് പോയ ജോയി തിരിച്ചെത്തി മേശവലിപ്പം പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സംശയത്തെ തുടർന്ന് തൊട്ടടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിൻ്റെ ചിത്രം വ്യക്തമായതും മോഷണ വിവരം പുറത്തറിയുന്നതും. ജോയി ഉടൻ തന്നെ മുളന്തുരുത്തി സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകുകയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.