ഇസ്ലാമിനെ അപമാനിച്ച് ഫെസ്ബുക്ക് പോസ്റ്റ് ; യൂത്ത് ലീഗിന്റെ പരാതിയിൽ കീരംപാറ സ്വദേശി അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തിയെന്ന കേസിൽ കീരമ്പാറ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് ലീഗ് നേതാക്കൾ കൊടുത്ത പരാതിയിലാണ് അറസ്റ്റ്. കീരംപാറ വെള്ളിയാംപള്ളിൽ മോഹൻ വി.എബ്രഹാം (38)-നെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.

 

ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി മുസ്‌ലിം സമുദായത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റ് എം.എ.സബീർ, ജനറൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ എന്നിവരാണ് പരാതി നൽകിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രതിയെ കോതമംഗലത്തെത്തി പോലീസ് അറസ്റ്റുചെയ്തത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഇയാൾ ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോൺ പിടിച്ചെടുത്തതായി തൊടുപുഴ സിഐ എസ്.മഹേഷ്‌കുമാർ അറിയിച്ചു.

 

ഫൊറൻസിക് പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് നീക്കം. മുമ്പും സമാനമായ പോസ്റ്റുകൾ ഇയാൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.