ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാക് കൊടി; കേസെടുത്ത് പൊലീസ്

എറണാകുളം ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ കൊടി ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്. ജീസസ് ജനറേഷൻ എന്ന പ്രാർഥന കൂട്ടായ്മ നയിക്കുന്ന ദീപു ജേക്കബിന് എതിരെയാണ് കേസ്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് നടപടി. BNS 196 (1) A പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്

 

നാൽപ്പതോളം പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഉദയംപേരൂരിൽ നടന്നത്. ജീസസ് ജനറേഷൻ‌ ഓഡിറ്റോയത്തിൽ 40 ദിവസമായി പ്രാർത്ഥന ശുശ്രൂഷ നടന്നുവരികയായിരുന്നു. ഇതിലാണ് പാക് പതാക ഉപയോ​ഗിച്ചത്. കലാപാഹ്വാനം നടത്തി, മതസ്പർദ വളർത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ലെന്നും 20 രാജ്യങ്ങളുടെ പതാക പരിപാടിയിൽ ഉയർത്തിയിരുന്നതായാണ് ദീപു ജേക്കബ് നൽകിയ വിശദീകരണം. ദീപുവിനെതിരെ ഇന്ന് വൈകിട്ടോടുകൂടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ‌ പതാകയോട് അനാദരവ് കാണിച്ചു എന്ന ഒരു പരാതി കൂടി ശ്രീക്കുട്ടൻ നൽകിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ‌ പതാക വലിച്ചെറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ദീപു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.