കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് ഉള്‍പ്പെടെ നയിച്ച രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. റൂറല്‍ പോലീസ് അഡിഷണല്‍ എസ് പി എം കൃഷ്ണന് ജില്ല പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ വിമര്‍ശനമുള്ളത്. വീഴ്ചകള്‍ ചൂണ്ടികാണിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് എസ്പി ഡിഐജിയ്ക്ക് കൈമാറി. നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോകാന്‍ സിപിഎംമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘം ഒത്താശ ചെയ്തു എന്നായിരുന്നു പ്രതിപക്ഷ ആരോപണം. സംഘര്‍ഷം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. (koothattukulam conflict report against police)
ഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കവേയാണ് മറുകണ്ടം ചാടാന്‍ നിന്ന സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കൂത്താട്ടുകുളത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും സമര്‍പ്പിച്ചിരുന്നു. ഈ പരാതിയിലാണ് ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.
കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കലാ രാജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു എന്ന് എഫ് ഐ ആറില്‍ പരാമര്‍ശിച്ചിരുന്നു. നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷാണ് ഒന്നാം പ്രതി . ഐപിസി 140(3),126(2),115(2),189(2),191(2),190 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.