ചുറ്റും കാടും സർപ്പക്കാവും ഉള്ള പറമ്പിൽ ഏത് നിമിഷവും നിലംപൊത്താവുന്ന വാടക വീട്ടിൽ അതിഥി തൊഴിലാളികൾ കഴിയുന്നത് ഭയപ്പാടോടെ .ചാലക്കപ്പാറയിലുള്ള ഈ വാടക വീട്ടിൽ ഞെരുങ്ങി കഴിയുന്നത് 20 തൊഴിലാളികളാണ്, ഒരു തൊഴിലാളിക്ക് 1000 രൂപ വീതമാണ് കെട്ടിട ഉടമ ഈടാക്കുന്നത്. രണ്ടോ മൂന്നോ പേര് ചേർന്ന് വീടെടുക്കുമ്പോൾ കൂടുതൽ വാടക വരും എന്ന കാരണത്താലാണ് പലരും കൂടുതൽ ആളുകളുള്ള വീട്ടിലേക്ക് താമസത്തിനെത്തുന്നത്. ഞെരുങ്ങി കഴിയാമെന്നു വെച്ചാലോ പാമ്പ്, എലി, തെരുവുനായ്, തുടങ്ങിയവയുടെ ശല്യവും സഹിക്കണം. പകർച്ചവ്യാധികൾ പിടിപെടുന്ന ഈ സമയത്ത് പരിസരം പോലും വൃത്തിഹീനമാണ്. ഒരാളെങ്ങാനും വാടക കൊടുക്കാൻ വൈകിയാൽ അയാളുടെ മൊബൈൽ ഉടമ പിടിച്ചെടുക്കുമെന്നും തൊഴിലാളികൾ പറയുന്നു. ജീവിതം തന്നെ ദുരിതത്തിലാണ്. അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് അതിഥി തൊഴിലാളികളുടെ പ്രാർത്ഥന