
ജലജീവൻ മിഷൻ അരയൻ കാവ് ക്ഷേത്ര മൈതാനിയിൽ ആരംഭിച്ചിരുന്ന വാട്ടർ ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നതിന് മുമ്പേ കാലേകൂട്ടി വാട്ടർ കണക്ഷൻ എടുത്തവർക്കാണ് വാട്ടർ അതോറിറ്റി ബില്ല് കൊടുത്ത് ഇരുട്ടടി നൽകിയിരിക്കുന്നത്. കുലയറ്റിക്കര ,പ്ലാപ്പിള്ളി പ്രദേശത്തെ വീടുകളിലെല്ലാം വാട്ടർ ചാർജ് അടക്കാൻ ബില്ല് വന്നിട്ടുണ്ട്. അരയൻ കാവിലെ വാട്ടർ ടാങ്ക് നിർമ്മാണം നിലച്ചിട്ട് വർഷം രണ്ടായി.കരാറ് കാരന് ഫണ്ട് ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ച് കരാറുകാരൻ പോവുകയും ചെയ്തു.2030ൽ പോലും പൂർത്തിയാക്കാൻ പറ്റാത്ത പദ്ധതി പ്രകാരം വെള്ളം കിട്ടിയില്ലങ്കിലും വാട്ടർ ചാർജ് വേണമെന്നാണ് വാട്ടർ അതോറിറ്റി ബില്ല് നൽകിയതിലൂടെ തെളിയിച്ചത്. ബില്ല് കിട്ടിയവരെല്ലാം വാട്ടർ അതോറിറ്റിയിലേക്ക് അന്വേഷിച്ചപ്പോൾ തുക അടക്കണ്ട എന്നു പറയുന്നു, എന്നാൽ കുറെ കഴിയുമ്പോൾ റവന്യു റിക്കവറി ഉൾപ്പടെ നടപടി വരുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. വെള്ളം കൊടുക്കാതെ ബില്ലുകൊടുത്ത വാട്ടർ അതോറിറ്റിയുടെ കുത്തഴിഞ്ഞ നിലപാട് ഇതിലൂടെ തെളിഞ്ഞെന്നും ഇത് തിരുത്തണമെന്നും, അല്ലാത്തപക്ഷം ഉപഭോക്താക്കളെ സംഘടിപ്പിച്ച് നിയമ നടപടിയിലേക്ക് പോകുമെന്നും ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എസ്.ഹമീദ് കുട്ടി അറിയിച്ചു.