വൈക്കം: ഡ്രൈവർമാരുടെ കുറവുമൂലം വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ശനിയാഴ്ച എട്ട് സർവീസാണ് മുടങ്ങിയത്. പാലാ, തൊടുപുഴ, എറണാകുളം റൂട്ടുകളിലെ സർവീസുകളാണ് വെട്ടിക്കുറച്ചത്. തൊടുപുഴയിലേക്ക് പോകേണ്ട യാത്രക്കാരാണ് ഏറെ വലഞ്ഞത്.
ഈ റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവീസുകളാണ് കൂടുതലായുള്ളത്. സ്വകാര്യബസുകൾ കുറവായതാണ് യാത്രക്കാർ വലയാൻ കാരണം. ശരാശരി ഒരുദിവസം ദീർഘദൂര സർവീസുകളടക്കം 48 സർവീസാണ് ഡിപ്പോയിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. 105-ലധികം ഡ്രൈവർമാരാണ് വൈക്കം ഡിപ്പോയിലുള്ളത്. ഇതിൽ 10-ലധികം ഡ്രൈവർമാർ മെഡിക്കൽ അവധിയിലാണ്. ഏതാനുംപേർ മറ്റുകാരണങ്ങളാലും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ആറുപേർ വിവിധ കാരണങ്ങളാൽ സസ്പെൻഷനിലാണ്. മുൻകാലങ്ങളിൽ അധികഡ്യൂട്ടി ചെയ്താൽ അടുത്തദിവസം അധികഡ്യൂട്ടിയുടെ വേതനം ലഭിച്ചിരുന്നു. കൂടാതെ ബാറ്റയും ഉണ്ടായിരുന്നു. ഇതുരണ്ടും ലഭിക്കാൻ കാലതാമസം വരുന്നതിനാലാണ് അധികഡ്യൂട്ടി ചെയ്യാൻ ഡ്രൈവർമാർ തയ്യാറാകാത്തത്. ഇതാണ് കാരണമായി കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഡ്രൈവർമാരുടെ കുറവ് പരിഹരിച്ച് യാത്രാദുരിതം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.