
തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് – എറണാകുളം പ്രധാന റോഡിൽ പാഴ്സൽ ലോറിയും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ കോട്ടയം സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗൗരവമായ പരിക്കേറ്റു. വൈകിട്ട് 4 മണിയോടെയായിരുന്നു വരിക്കാംകുന്ന് പ്രസാദഗിരി പള്ളിക്ക് സമീപം സംഭവിച്ചത്.
എറണാകുളം ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പാഴ്സൽ കൊണ്ടുപോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും, കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ലോഡ് എടുക്കാൻ പോകുന്ന ഗുഡ്സ് ലോറിയുമാണ് തമ്മിൽ നേരിൽ നേരിട്ട് ഇടിച്ചത്. ഇടിയുടെ ശക്തിയിൽ ഗുഡ്സ് ലോറിയുടെ ക്യാബിൻ ഭാഗം പൊളിഞ്ഞ് ഡ്രൈവർ കുടുങ്ങുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ പുറത്തെടുത്തു. ആദ്യം പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് റോഡിൽ 45 മിനിട്ടോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ്. സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങിക്കിടന്ന ഗുഡ്സ് ലോറി മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ലോറിയുടെ ഡ്രൈവർ ഭാഗത്തെ ക്യാബിൻ ഭാഗം പൂർണമായും തകരാറിലായത് പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.