തീരാനോവായി വെള്ളാർമല സ്‌കൂൾ; ഹൃദയം നുറുങ്ങി ഉണ്ണിമാഷ്

 

വയനാട് ഉരുൾപൊട്ടലിൽ നാടിന്റെ തീരാ നഷ്ടമായി മാറിയിരിക്കകയാണ് വെള്ളാർ‌മല സ്കൂൾ. വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്സിന്‌ നഷ്ടമായത്‌ മുപ്പതോളം കുരുന്നുകളെയാണ്. നിരവധി പേരെ കാണാതെയുമായിട്ടുണ്ട്. പ്രിയപ്പെട്ട സ്കൂളിനെയും നാട്ടുകാരെയും നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും പ്രധാനാധ്യാപകൻ ഉണ്ണിക്കൃഷ്ണൻ മുക്തനായിട്ടില്ല. ദുരന്തശേഷം സ്കൂളിലേക്ക് എത്തിയ അധ്യാകൻ നെ‍‌ഞ്ചുനുറുങ്ങുന്ന വേദനയിലാണ് പ്രതികരിച്ചത്.

 

പ്രകൃതി സംരക്ഷണം നടത്തിയ ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. മക്കളോട് പറയും നിങ്ങളൊക്കെ ഭാഗ്യം ചെയ്ത മക്കളാണ്. ഈ പുഴയോരത്ത് ഇരുന്ന് പഠിക്കാനുള്ള ഭാഗ്യം വേറെ ആർക്കാണ് ലഭിക്കുക. ഒരുപാട് അഹങ്കരിച്ചിരുന്നു ഞങ്ങൾ. അതിനെല്ലാം കിട്ടി, ഒന്നുമില്ല സാറേ പറയാൻ’ ഹൃദയം നുറുങ്ങുന്ന വേദനയിൽ അധ്യാപകൻ ഉണ്ണികൃഷ്ണൻ പ്രതകരിച്ചു.

 

ഉണ്ണികൃഷ്ണൻ പതിനെട്ട് വർഷമായി സേവനമനുഷ്ഠിക്കുന്ന സ്കൂളായിരുന്നു വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്. സ്കൂളിന് സമീപത്ത് താമസിക്കുന്ന ഈ അധ്യാപകൻ ആലപ്പുഴ സ്വദേശിയാണ്. മഹാദുരന്തത്തിൽ സ്കൂളിന്റെ മൂന്ന്‌ സമുച്ചയങ്ങളാണ്‌ മണ്ണോടുചേർന്നത്‌. ശേഷിച്ച മൂന്ന്‌ കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും പിളർന്നുപോയി.