തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയുടെ മരണം; എസ് എഫ് ഐ മാർച്ച് നടത്തി.
വിദ്യാർത്ഥി സംഘടനകൾ ആണ് കുഴപ്പക്കാർ എന്ന് പ്രചരിപ്പിക്കുന്നവർ വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം നിരോധിക്കപ്പെട്ടതിന് ശേഷം കേരളത്തിലെ സ്കൂളുകളിൽ നടക്കുന്നത് എന്താണ് എന്ന് കൂടെ പരിശോധിക്കണം. റാഗിംഗ് കണ്ടാൽ പോലും സ്കൂളിന്റെ സൽപ്പേരിനെ ബാധിക്കും എന്ന പേരിൽ നടപടിയെടുക്കാത്ത അധികൃതരാണ് പല സ്കൂളുകളിലും ഉള്ളത്. അനീതി ചോദ്യം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾ സ്കൂളുകളിൽ ഇല്ലാത്തത് ഇക്കൂട്ടർക്ക് വളമാകുന്നു. മനുഷ്യത്വ രഹിതമായ രീതിയിൽ റാഗിംഗിന് നേതൃത്വം നൽകിയവർക്കെതിരെയും അത് മറച്ചുവെച്ച് ഒരു വിദ്യാർത്ഥിയെ ആത്മഹത്യക്ക് തള്ളിവിട്ട സ്കൂൾഅധികൃതർക്കെതിരെയും സംസ്ഥാന സർക്കാരും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ ആവശ്യപ്പെട്ടു.