കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചിയിലും അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ സമരപരമ്പരയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ വരെ എത്തിച്ചത്. ഇതിൽ കലിപൂണ്ട ഫ്രാങ്കോ പിന്നീട് ഈ കന്യാസ്ത്രീകളെ ദ്രോഹിക്കുന്ന നിലപാടെടുത്തിരുന്നു.
ഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു. കാര്യങ്ങൾ മാറുമെന്ന് കരുതി അനുപമ കാത്തെങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ഫ്രാങ്കോ ജലന്തർ ബിഷപ്പ് ആയിരിക്കെ, കേരളത്തിൽ എത്തുമ്പോൾ പതിവായി താമസിച്ചിരുന്നത് കുറവിലങ്ങാട് മഠത്തിൽ ആയിരുന്നു. അവിടെവച്ചാണ് ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചത് എന്നാണ് പരാതി.
ഫ്രാങ്കോ കേരളത്തിൽ എത്തുമ്പോൾ എന്തിന് മഠത്തിൽ രാത്രി താമസിക്കുന്നു എന്ന ചോദ്യത്തിന് ഫ്രാങ്കോ പറഞ്ഞത് എന്റെ പ്രോപ്പർട്ടിയിൽ ഞാൻ അല്ലാതെ പിന്നെ ഏതു ബിഷപ്പാ വന്ന് താമസിക്കുക എന്നാണ്. ആ വ്യവസ്ഥയോടെയാണ് താൻ മഠം പണിത് കൊടുത്തത് എന്നും ഫ്രാങ്കോ ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു.