മുളന്തുരുത്തി. മുളന്തുരുത്തി മേഖല ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കേഴ്സ് യൂണിയൻ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന, വിവിധ പരിപാടികളോടുകൂടിയ ആഘോഷങ്ങളാണ് മേഖല ഐഎൻടിയുസി യൂണിയൻ ഒരുക്കിയിരിക്കുന്നത് എന്ന് മുളന്തുരുത്തി ഐഎൻടിയുസി യൂണിയൻ പ്രസിഡണ്ടും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി ജെ പൗലോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക്,
കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ യൂണിയൻ പ്രസിഡണ്ട് വി ജെ പൗലോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് എഐസിസി പ്രവർത്തക അംഗം രമേശ് ചെന്നിത്തല ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഐ എൻ ടി യു സി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ്, ഐഎൻടിയുസി ജില്ലാ അദ്ധ്യക്ഷൻ കെ കെ ഇബ്രാഹിംകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളാവും.
കെപിസിസിയുടെയും ഡിസിസിയുടെയും നേതാക്കളും, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി നേതാക്കളും, പോഷക സംഘടനകളുടെ നേതാക്കളും ആഘോഷ പരിപാടികളിൽ പങ്കെടുക്കും എന്ന് പൗലോസ് പറഞ്ഞു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേഖലാ സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ, രക്തദാന ക്യാമ്പുകൾ, കായിക മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, അനുമോദനയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവയ്ക്ക് ശേഷം ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സമാപിക്കും എന്നും ജെറിൻ പറഞ്ഞു.