‘രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം’; കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി
2005 ഒക്‌ടോബർ 10 നും 2006 ഒക്ടോബർ 31 നും കമ്പനി സമർപ്പിച്ച വാർഷിക റിട്ടേണിൽ രാഹുൽ ഗാന്ധിയുടെ പൗരത്വം ബ്രിട്ടീഷുകാരന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാമി അവകാശപ്പെട്ടു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദ് ചെയ്യാൻ ആഭ്യന്തര മന്ത്രലായത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. 2003ൽ ബാക്കോപ്സ് ലിമിറ്റിഡ് എന്ന പേരിൽ ഒരു കമ്പനി യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് രാഹുൽ ഗാന്ധിയെന്നും ചൂണ്ടിക്കാട്ടിയ സുബ്രഹ്മണ്യം സ്വാമി രാഹുൽ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് 2019-ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
2005 ഒക്‌ടോബർ 10 നും 2006 ഒക്ടോബർ 31 നും കമ്പനി സമർപ്പിച്ച വാർഷിക റിട്ടേണിൽ രാഹുൽ ഗാന്ധിയുടെ പൗരത്വം ബ്രിട്ടീഷുകാരന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാമി അവകാശപ്പെട്ടു. മാത്രമല്ല, 2009 ഫെബ്രുവരി 17-ന് കമ്പനിയുടെ പിരിച്ചുവിടൽ അപേക്ഷയിൽ രാഹുല്‍ ഗാന്ധിയുടെ ദേശീയത ബ്രിട്ടീഷുകാരന്‍ എന്നാണെന്ന് അദ്ദേഹം വാദിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ഒൻപതാം അനുച്ഛേദത്തിൻ്റേയും 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 29-ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഞ്ചുവർഷം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു. അതുകൊണ്ടാണ് പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സുബ്രഹ്മണ്യം സ്വാമി പറയുന്നു.
രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരാജയത്തെക്കുറിച്ച് എൻ്റെ അസോസിയേറ്റ് അഡ്വക്കറ്റ് സത്യ സബർവാൾ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു, എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയാത്തത്. വിശേഷ് കനോറിയ,” സ്വാമി എക്‌സിൽ കുറിച്ചു.