ലോഡ്ജിൽ കിട്ടിയ ലഹരി മരുന്നിന്, പിന്നാലെ കൂടി കുന്ദമംഗലം പൊലീസ്, ഒടുവിൽ നൈജീരിയക്കാരൻ പ്രധാനിയെ പൊക്കി

കുന്ദമംഗലം: കുന്ദമംഗലം എംഡിഎംഎ കേസില്‍ പ്രധാന പ്രതിയായ വിദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയയെയാണ് നോയ്ഡയില്‍ നിന്നും കുന്ദമംഗലം പൊലീസ് പിടികൂടിയത്. പ്രധാന ലഹരിസംഘങ്ങളിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 21ന് കുന്ദമംഗലത്തിനടത്ത് കാരന്തൂരിലെ ലോഡ്ജില്‍ നിന്നും 221ഗ്രാ എംഡിഎം എയുമായി രണ്ടു പേരെ പിടികൂടിയത് ഡാന്‍സാഫും കുന്ദമംഗലം പൊലീസും ചേര്‍ന്നാണ്. കാരിയര്‍മാരെ പിടികൂടി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തയ്യായില്ല.

 

ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പൊലീസിനെ എത്തിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയിലേക്ക്. ഈ അന്വേഷണത്തിനൊടുവിലാണ് ലഹരി കണ്ണികളിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയ കുടുങ്ങിയത്. ഇയാള്‍ നോയ്ഡയിലുണ്ടെന്ന വിവരമറിഞ്ഞ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. ദിവസങ്ങളോളം ഇയാളെ നീരീക്ഷിച്ച പൊലീസ് സംഘം മാര്‍ക്കറ്റില്‍ വെച്ചാണ് പിടികൂടിയത്. ഫ്രാങ്ക്സിയിൽ നിന്നും നാല് മൊബൈല്‍ ഫോണുകളും ഏഴു സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. മറ്റു പലരുടേയും പേരിലുള്ളവയാണ് സിംകാര്‍ഡുകള്‍. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ടാന്‍സാനിയന്‍ സ്വദേശികളില്‍ നിന്നുമാണ് ഫ്രാങ്കിനെക്കുറിച്ചുള്ള വിവരം കിട്ടിയത്. പണമിടപാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പലരുടേയുംപേരിലെടുക്കുന്ന വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് ലഹരിക്കുള്ള പണമിടപാടിനായി ഇവര്‍ ഉപയോഗിക്കുന്നത്.ഈ കേസില്‍ ഇതു വരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്.