വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങളെ ഊട്ടിയിരുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനോട് ഭക്ഷണ വിതരണം നിർത്തിവെക്കാൻ പോലീസ് നിർദേശം. മേപ്പാടിയിൽനിന്ന് ചൂരൽമലയിലേക്ക് പോകുന്ന വഴിയിൽ കള്ളാടി മഖാമിലാണ് പാചകപ്പുര ഒരുക്കിയിരുന്നത്. ദിവസവും മൂന്ന് നേരം ആഹാര സാധനങ്ങൾ പാകം ചെയ്താണ് ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. എവിടെനിന്നും പിരിവ് സ്വീകരിക്കാതെ പ്രവർത്തകർ സ്വന്തം കൈയിൽനിന്ന് എടുത്താണ് ഭക്ഷണത്തിനുള്ള വിഭവം സമാഹരിച്ചിരുന്നത്. പാചകപ്പുരയിലും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരാണ് ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിന് എത്തുന്നവർക്ക് പാഴ്‌സലായിട്ടാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇന്ന് ഭക്ഷണം എത്തിച്ചപ്പോൾ പോലീസ് തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സേനയിലുള്ളവർ ഉൾപ്പെടെ ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

 

നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡി.ഐ.ജി തോംസൺ ജോസ് പറഞ്ഞതായി യൂത്ത് ലീഗ് പ്രവർത്തകർ വ്യക്തമാക്കി. ഇനി ഭക്ഷണവിതരണം ചെയ്താൽ നിയമപരമായി നടപടിയെടുക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തകർ, പോലീസ് സേനാ അംഗങ്ങൾ, മാധ്യമപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കൾ, പോലീസ് – ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നത്. നാളെ മുതൽ ഇവരുടെയെല്ലാം അന്നം മുടക്കിയിരിക്കുകയാണ് സർക്കാർ.  അതേസമയം മന്ത്രി മുഹമ്മദ് റിയാസ്  വാർത്ത സമ്മേളനത്തിൽ പറയുകയുണ്ടായി ദുരിത മേഖലകളിൽ  പോലീസ്,  പട്ടാളം അടക്കമുള്ള  സന്നദ്ധ സേവകർക്ക്  ഫുഡ് സേഫ്റ്റി ഓഫീസറുടെ പരിശോധനയ്ക്ക് ശേഷമുള്ള ഭക്ഷണമേ നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറയുകയുണ്ടായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണത്തിൽ  എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മുഴുവൻ ആളുകളെയും അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ വൈറ്റ് ഗാർഡിന്റെ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം  കൂടുതൽ  ആളുകളുടെ ശ്രദ്ധയും പ്രശംസയും ലഭിക്കുന്നു ഇത് സ്ർക്കാരിന്  പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ്  ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്  സന്നദ്ധ സംഘടനകൾ പറയുന്നു.

സോഷ്യൽ മീഡിയ ഈ സംഭവം ഏറ്റെടുത്തതിനെ തുടർന്ന്  ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ്  ഏത് ഫുഡ് സേഫ്റ്റി അനുസരിച്ചാണ് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളും നൽകുന്നതെന്ന് പ്രതികരണങ്ങൾ ഉണ്ടാവുകയുണ്ടായി.

 

ഓരോ വീടുകളിൽ നിന്നും സമാഹരിച്ച്  കൊണ്ടുവരുന്ന പൊതിച്ചോറുകൾ സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ട് ഇരിപ്പുകാർക്കും സൗജന്യമായിയാണ് ഡിവൈഎഫ്ഐ നൽകി വരുന്നത്. സർക്കാർ ഈ ദുരന്ത മേഖലയിൽ കൊണ്ടുവന്ന ഈ ഫുഡ് സേഫ്റ്റി നിയമം സർക്കാരിനെ തന്നെ അത് തിരിച്ചടിയാവുകയാണ്.