സ്നേഹാരാമം പദ്ധതി നിർവഹണം ആരംഭിച്ചു.
…………………………………………
വെള്ളക്കെട്ടും മാലിന്യ നിക്ഷേപവും മൂലം ദീർഘകാലമായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന, മുളന്തുരുത്തി– കാഞ്ഞിരമറ്റം പൊതുമരാമത്ത് റോഡിലെ ആമ്പല്ലൂർ മിൽമയ്ക്ക് എതിർഭാഗത്തുള്ള പി .ഡബ്ലിയു .ഡി റോഡ് പുറമ്പോക്ക്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള “സ്നേഹാരാമം “ആയി മാറുന്നു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു പൊതു ഇടങ്ങളിലെയും വഴിയോരങ്ങളിലെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി തുടർ സംരക്ഷണവും പരിപാലനവും ഉറപ്പാക്കി പൂന്തോട്ടവും, പാർക്കുമെല്ലാം ആക്കി മാറ്റുക എന്നത്.ആമ്പല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ മാലിന്യ നിക്ഷേപവും, വെള്ളക്കെട്ടും, സ്ഥിരമായി അനുഭവപ്പെട്ടിരുന്ന, രണ്ടര സെന്റ് വിസ്തൃതിയുള്ള പൊതുമരാമത്ത് റോഡ് പുറമ്പോക്കായ ആമ്പല്ലൂർ മിൽമയ്ക്ക്( ക്ഷീരോൽപാദക സഹകരണ സംഘം ) എതിർവശത്തുള്ള ഈ സ്ഥലത്തെ വെള്ളക്കെട്ടില്ലാതെ,മാലിന്യമുക്തമായി സംരക്ഷിക്കണമെന്ന ആവശ്യം പ്രദേശവാസികൾ 2023 ജനുവരി ഒന്നിന് നടന്ന ഒന്നാം വാർഡ് ഗ്രാമസഭയിൽ ഉന്നയിക്കുകയുണ്ടായി. ഈ ആവശ്യം വാർഡ് മെമ്പർ ബീനാമുകുന്ദനും പഞ്ചായത്ത് ഭരണസമിതിയും പൊതുമരാമത്ത് അധികൃതരെ നേരിൽ അറിയിച്ചു. പ്രദേശത്തെ സുരഭി റസിഡൻസ് അസോസിയേഷനും,തുടർന്ന് നിരന്തരമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നേരിട്ടും പ്രദേശവാസികളുടെയും സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും അപേക്ഷകളും, നിവേദനങ്ങളും സംഘടിപ്പിച്ചും നൽകിയതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പ് മുളന്തുരുത്തി നിരത്ത് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി മേലുദ്യോഗസ്ഥർ മുഖേന ചീഫ് എൻജിനീയർക്ക് സമർപ്പിച്ചു. പിന്നീട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ പഞ്ചായത്ത് ഭരണസമിതി ഈ പ്രദേശത്തെ വൃത്തിയാക്കുകയും മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിൽ നിർദ്ദേശിക്കപ്പെട്ട, പഞ്ചായത്തിന്റെ സ്നേഹാരാമമായി തീരുമാനിക്കുകയും ചെയ്തു. 2024 ജനുവരിയിൽ നടന്ന നവകേരള സദസ്സിൽ വാർഡ് മെമ്പർ ബീന മുകുന്ദനും പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസും ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചു .വിവിധ പ്രദേശങ്ങളിൽ നിന്നും പൊതുമരാമത്ത് റോഡിലൂടെ ഒഴുകിവരുന്ന മഴവെള്ളം,റോഡ് നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്ന ഈ പ്രദേശത്ത് കെട്ടിനിൽക്കുകയും സമീപ വീടുകളിലേക്കും പുരയിടങ്ങളിലേക്കും കിണറുകളിലേക്കും ഒഴുകി എത്തുകയും സമീപത്തുള്ള പഞ്ചായത്ത് വക റോഡിലേക്ക് കവിഞ്ഞൊഴുകി ടാറിങ് തകരാറിലാവുകയും പഞ്ചായത്ത് റോഡിലൂടെ മഴക്കാലത്ത് കാൽനടയാത്ര പോലും അസാധ്യമാവുകയും ചെയ്തിരുന്നു.പ്രദേശത്തുള്ള ഏതാനും കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുവാൻ ബുദ്ധിമുട്ടാവുകയും കടകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. വെള്ളക്കെട്ടും റോഡരികിലുള്ള പ്രദേശത്തിന്റെ ശോച്യാവസ്ഥയും മൂലം നിരവധി അപകടങ്ങളും ഈ പ്രദേശത്ത് ഉണ്ടായി.പ്രശ്നത്തിന്റെ ഗൗരവം നിരന്തരമായ പരിശ്രമങ്ങളിലൂടെ സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും ബോധ്യപ്പെടുത്തുവാൻ വാർഡ് മെമ്പർ ബീനാ മുകുന്ദന് കഴിഞ്ഞു. അതിലൂടെ, ഇക്കാര്യത്തിൽ അനുകൂലമായ നടപടി സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായി. 14,70,000 രൂപയുടെ എസ്റ്റിമേറ്റിന് ആഗസ്റ്റ് മാസത്തിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. സെപ്റ്റംബറിൽ ടെൻഡർ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി, പ്രാദേശികമായി യോഗം വിളിച്ചുചേർത്ത് പദ്ധതി പ്രവർത്തനം ബന്ധപ്പെട്ട പി ഡബ്ലിയു ഡി അധികാരികൾ വിശദീകരിച്ച് ജനങ്ങളുടെയും പഞ്ചായത്തിന്റെയും വ്യാപാരികളുടെയും സംശയങ്ങൾ ദൂരീകരിച്ച് ,സഹകരണം ഉറപ്പാക്കി.ഇപ്പോൾ നിർമ്മാണം ആരംഭിക്കുകയാണ്. നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമായി ടി പ്രദേശത്ത് കോൺക്രീറ്റ് ടൈലിംഗ് നടത്തി ജലനിർഗമനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി പ്രദേശം മനോഹരമാക്കുന്ന പ്രവർത്തിയാണ് പൊതുമരാമത്ത് നടപ്പാ ക്കുന്നത്. രണ്ടാം ഘട്ടത്തിൽ, പാർക്ക്, പൂന്തോട്ടം,മാലിന്യ സംസ്കരണ സംവിധാനം, വിശ്രമത്തിനുള്ള സൗകര്യം, ക്യാമറ നിരീക്ഷണം എന്നിങ്ങനെയുള്ള പ്രവർത്തികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, പ്രദേശവാസികൾ , എന്നിവരുടെ സഹായവും, സ്ഥാപനങ്ങളുടെ/ സംഘടനകളുടെ സ്പോൺസർഷിപ്പ് സഹായവുമെല്ലാം പഞ്ചായത്ത് തേടുന്നുണ്ട്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനെയും, വ്യാപാര സ്ഥാപനങ്ങളെയും, പ്രദേശവാസികളെയും ഉൾപ്പെടുത്തി ജനകീയ കമ്മറ്റി രൂപീകരിച്ച് സംരക്ഷണവും തുടർ പരിപാലനവും നടത്തുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഇത്തരം പൊതു ഇടങ്ങൾ/ പുറമ്പോക്കുകൾ, പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയും സഹായത്തോടെയും സംരക്ഷിച്ച് പരിപാലിക്കുന്നതിന് ആമ്പല്ലൂർ ഒന്നാം വാർഡിലെ ഈ പദ്ധതി ഒരു മാതൃകയായി മാറുകയാണ്.
പദ്ധതി പ്രദേശത്ത് നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബീന മുകുന്ദൻ സ്വാഗതം പറഞ്ഞു .സ്നേഹാരാമം പദ്ധതി വിശദീകരണം കില ഫാക്കൽറ്റി കെ എ മുകുന്ദനും നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് പി ഡബ്ലിയു ഡി അസിസ്റ്റന്റ് എഞ്ചിനിയർ അനു എം ആർ ഉം വിശദീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.ആശംസകൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി വി മോൻസി ,സുരഭി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ കെ ദേവദാസ് ,ആമ്പല്ലൂർ ആപ്കോസ് (മിൽമ) പ്രസിഡന്റ് കെ ജി രാജീവ് ,റിട്ടയർഡ് ഡി വൈ എസ് പി ടി കെ വിജയൻ എന്നിവർ സംസാരിച്ചു .പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത്മ്യാലിൽ ,ജലജ മണിയപ്പൻ ,മെമ്പർമാരായ എ എൻ ശശികുമാർ ,രമേശൻ ടി പി ,ജയന്തി റാവുരാജ് ,അസീന ഷാമൽ,ഉമാദേവി സോമൻ ,പി രാജൻ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പ്രദേശത്തെ വ്യാപാരി കൂടിയായ ടി പി സുരേഷ് നന്ദി പറഞ്ഞു.ചടങ്ങിൽ പങ്കെടുത്തവരടക്കം വിവിധ സംഘടനകളും സ്ഥാപനങ്ങളും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.