ഒരു സിനിമയുടെ ഷൂട്ടിങ്ങുണ്ട്. ഗരുഡൻ തൂക്കം അവതരിപ്പിക്കണം. തമിഴ് സിനിമയാണ്. ചെന്നൈയിലാണ് ഷൂട്ട്. നിങ്ങൾക്ക് വരാൻ കഴിയുമല്ലോ…’ തൃശ്ശൂർ സ്വദേശി ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിന് മറിച്ചൊന്നും ചിന്തിക്കാതെ വൈക്കം ബ്രഹ്മമംഗലം മാങ്കുട്ടത്തിൽ പ്രദീപൻ(കുട്ടപ്പായി) ഉറപ്പുകൊടുത്തു. ‘വരാം…’
കൂടെ പ്രദീപനും സംഘവും ഗരുഡൻതൂക്കം അവതരിപ്പിക്കുന്ന ഒരു വീഡിയോയും ഗോപാലകൃഷ്ണന് അയച്ചുകൊടുത്തു. ആരോടൊപ്പമാണ് അഭിനയിക്കുന്നതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ ഒരുസൂചനയും ഗോപാലകൃഷ്ണൻ നൽകിയില്ല. ഷൊർണൂരിലെത്തിയാൽ മതിയെന്നും അവിടെനിന്ന് ചെന്നൈയ്ക്ക് ബസ് ഉണ്ടാകുമെന്നും ഗോപാലകൃഷ്ണൻ അറിയിച്ചു. നിർദേശമനുസരിച്ച് കഴിഞ്ഞ 24-ന് ഷൊർണൂർറെയിൽവേസ്റ്റേഷനിലെത്തിയ പ്രദീപനെയും ടീമിനെയും കാത്ത് ടൂറിസ്റ്റ്‌ബസ് കിടപ്പുണ്ടായിരുന്നു. അതിൽ കേരളത്തിലെ തനത് കലാരൂപങ്ങൾ അവതരിപ്പിക്കുന്ന കലാകാരന്മാരും ഉണ്ടായിരുന്നു. ചെന്നൈയിൽ പ്രത്യേകം സെറ്റിട്ട ഷൂട്ടിങ് ലൊക്കേഷനിൽ ഗരുഡന്മാരുടെ വേഷത്തിലെത്തിയ പ്രദീപനും സുഹൃത്തുക്കളും അപ്പോഴാണറിയുന്നത്, തങ്ങൾ ഗരുഡൻതൂക്കം അവതരിപ്പിക്കുന്നത് സ്റ്റൈൽമന്നൻ രജ നീകാന്തിൻ്റെ മുൻപിലാണെന്ന്. ടി.ജി.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനീകാന്തിൻ്റെ പുതിയ സിനിമയായ വേട്ടയ്യൻ്റെ ഗാനരംഗത്തിൽ ഗരുഡൻ തൂക്കം അവതരിപ്പിക്കാനാണ് പ്രദീപനും ടീം അംഗങ്ങളായ ബ്രഹ്മമംഗലം ചാവക്കാട്ടുകുഴി ജയേഷ്, പുറുത്തുംമുറിയിൽ ബിനീഷ്, മാങ്കൂട്ടത്തിൽ ശ്രീജിത്ത്(തക്കുടു), മാങ്കൂട്ടത്തിൽ ശിവപ്രസാദ്(പൊന്നൂസ്), ഏനാദിമണപ്പുറത്ത് നിഷാന്ത് എന്നിവർക്കും ആദ്യമായി അവസരം ലഭിച്ചത്
നൃത്തസംവിധായകൻ നിർദേശമനുസരിച്ച് ഗരുഡൻതൂക്കത്തിൻ്റെ ചില ഭാഗങ്ങൾ അവതരിപ്പിച്ച പ്രദീപനെയും കൂട്ടരെയും കൈയടിയോടെയാണ് അവിടെയുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചത്. കേരളത്തിലെ എല്ലാ കലാരൂപങ്ങളും ഗാനരംഗത്തിലുണ്ടെന്നാണ് സൂചന. ആറ് ദിവസത്തോളമായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് അവസാനിച്ച ദിവസം രജനീകാന്തിനൊപ്പംനിന്ന് ഫോട്ടോയെടുക്കാനും ഇവർക്ക് അവസരം ലഭിച്ചു.
നടി മഞ്ജുവാര്യരും ഗാനരംഗത്തുണ്ടായിരുന്നുവെന്ന് പ്രദീപൻ പറഞ്ഞു. 35 വർഷത്തിലധികമായി പ്രദീപൻ ഗരുഡൻ തൂക്കം അവതരിപ്പിക്കുന്നു. ബ്രഹ്മംഗലം മാങ്കൂട്ടത്തിൽ ശശിയാണ് ഇവരെ ഗരുഡൻതൂക്കം പഠിപ്പിച്ചത്