
മൂളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കുകൾ ഉൾപ്പെടെ വൻതോതിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ മൂളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പരവൂർ സ്വദേശികളായ റിയാദ്, തൻസീർ, ബൈജു എന്നിവരാണ് പൊലീസിന്റെ വലയിലായത്. ഇവർക്ക് പുറമെ മോഷണമുതൽ വാങ്ങിയ നിസാർ, മിഥുൻ എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അതേ ദിവസം തന്നെ തലയോലപ്പറമ്പ്, കടുത്തുരുത്തി (കുറവിലങ്ങാട്), ചാവക്കാട് എന്നീ സ്റ്റേഷൻ പരിധികളിലും പ്രതികൾ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി 25-ൽ പരം കേസുകളിലെ പ്രതികളാണ് ഇപ്പോൾ പിടിയിലായ മൂവരും.
5-7-26 തീയതി പുലർച്ചെയാണ് മൂളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലുള്ള സ്ഥിരതാമസമില്ലാത്ത വീട് മുതൽ നീർപ്പാറ HP പമ്പ് വരെയുള്ള ആറോളം സ്ഥലങ്ങളിൽ ഈ മൂന്നംഗ സംഘം മോഷണം നടത്തിയത്. ഈ മോഷണ പരമ്പരയെക്കുറിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മൂളന്തുരുത്തി പൊലീസ് കുടുക്കിയത്. നോർത്ത് പറവൂർ മാഞ്ഞാലി, പട്ടണം കവല എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇവർ മോഷണം നടത്തിയ വാഹനവും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
ആലുവയിൽ നിന്നും മോഷ്ഠിച്ച സ്പ്ലെൻഡർ (Splendor) ബൈക്കിലായിരുന്നു മോഷ്ടാക്കൾ സഞ്ചരിച്ചിരുന്നത്. ചാലക്കുടിയിൽ (ചാലക്കപ്പാറ) എത്തിയ സമയം മറ്റൊരു ബൈക്ക് മോഷണം നടത്തുകയും, തുടർന്ന് ഈ ബൈക്കുകളിലുമായി സഞ്ചരിച്ച് ആറോളം മോഷണങ്ങൾ ഇവർ നടത്തുകയുമായിരുന്നു. പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഇത് ആലുവ മെട്രോ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിൽ നിന്നും മോഷണം പോയതാണെന്ന് പൊലീസിന് മനസ്സിലായി.
തുടർന്ന് തലയോലപ്പറമ്പ് മുതൽ മൂളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിലെ നൂറിലധികം സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാക്കൾ മോഷണ സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നതിനാലും, വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ഉപയോഗിച്ചിരുന്നതിനാലും, മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാലും അന്വേഷണ സംഘത്തിന് തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ നൂതന സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചും, പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുറ്റവാളികളുടെയും ഹെൽമറ്റ് ധരിച്ച് മോഷണം നടത്തുന്ന കുറ്റവാളികളുടെയും ലിസ്റ്റ് എടുത്തും, അടുത്ത കാലത്ത് ജയിലിൽ നിന്ന് മോചിതരായ കുറ്റവാളികളുടെ വിവരങ്ങൾ ക്രോഡീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതികളെ പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞത്. മോഷണം നടത്തി കിട്ടുന്ന തുക പ്രതികൾ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത്.
പിറവം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബഹുമാനപ്പെട്ട ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പുത്തൻകുരിശ് ഡിവൈ.എസ്.പി (DYSP) നിഷാദ് മോന്റെ നേതൃത്വത്തിൽ മൂളന്തുരുത്തി ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, പ്രിൻസിപ്പൽ എസ്.ഐ (SI) പ്രിൻസി, എസ്.ഐ പ്രവീൺകുമാർ, എ.എസ്.ഐ (ASI) മാരായ ജയകുമാർ, മനോജ്, സിജിറാം, ഷാജിത്, എസ്.സി.പി.ഒ (SCPO) മാരായ അഭിജിത്, സുജിത്, സലീഷ്, ഷെൽസ്, സി.പി.ഒ (CPO) മാരായ ജിൽസ്, സുധീഷ്, ജിഷു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികളെ അതിവേഗം പിടികൂടിയ മൂളന്തുരുത്തി പൊലീസിന് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്…