മൂവാറ്റുപുഴ നിർമല കോളേജിൽ ‘ദീക്ഷാരംഭ് 2026’ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി

മൂവാറ്റുപുഴ: “ലോകത്തിന്റെ മുറിവുണക്കുന്നതിനാണ് വിദ്യാഭ്യാസം” എന്ന് പ്രശസ്ത പത്രപ്രവർത്തകനും മനോരമ ന്യൂസ് ചാനൽ ഡയറക്ടറുമായ ജോണി ലൂക്കോസ് പ്രസ്താവിച്ചു. മൂവാറ്റുപുഴ നിർമല കോളേജിൽ (ഓട്ടോണമസ്) പുതുതായി പ്രവേശനം നേടിയ ബിരുദ , ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ഇൻഡക്ഷൻ പ്രോഗ്രാം ‘ദീക്ഷാരംഭ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോക്ടർമാർക്ക്

മാത്രമല്ല ചികിത്സിക്കുന്നതിന് കഴിയുന്നതെന്നും, തങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് വിഷയങ്ങൾ പഠിച്ച് പദവികൾ നേടി സമൂഹത്തെ പല രീതിയിൽ ചികിത്സിക്കാൻ ഓരോരുത്തർക്കും സാധിക്കുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയതിന് ശേഷം അത് ഉപേക്ഷിച്ച്, തങ്ങൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് പഠിച്ച് ഉയർന്ന പദവികൾ നേടുകയും ലോകത്തിന് നന്മ പകര്യുകയും ചെയ്ത അനേകം വ്യക്തികൾ ലോകത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് രുചിക്കുന്ന വിഷയം തന്നെ വേണം പഠനത്തിനായി തിരഞ്ഞെടുക്കാൻ. പുസ്തകങ്ങൾ ഹൃദിസ്ഥമാക്കുന്നതിനൊപ്പം തന്നെ അറിവിൽ പ്രാവീണ്യം നേടാനുള്ള നിരന്തര പരിശീലനവും അനിവാര്യമാണ്. പ്രായോഗികതലത്തിൽ പ്രാവീണ്യം നേടിയവർക്ക് മാത്രമേ മികച്ച ജോലി നേടാൻ കഴിയൂ. കരുണ എന്നത് ഓരോ തൊഴിലാളിയുടെയും അടിസ്ഥാന ഗുണമാകണമെന്നും, ആ ഗുണമാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”എന്നെ ഏത് ജോലിക്കായി പരിശീലിപ്പിക്കുന്നതിന് കഴിയും എന്ന് വിദ്യാർത്ഥികൾ നിരന്തരം ചിന്തിക്കണം. പരിശീലനത്തിലേക്ക് അനായാസം എത്താനുള്ള വഴികളിൽ ഒന്നാണത്. നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ,” എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. വരും കാലങ്ങളിൽ ഉദ്യോഗാർത്ഥികളുടെ സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ തൊഴിലുടമകൾ കൃത്യമായി പരിശോധിക്കുമെന്നും, മാന്യമായ ഇടപെടലുകൾ നടത്തുന്നവർക്ക് മാത്രമേ ജോലി നേടാനാവുകയുള്ളൂ

വെന്നും ജോണി ലൂക്കോസ് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. നിർമല കോളേജിന്റെ ചരിത്രത്തിലെ 74-ാമത് ബാച്ച് വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ക്യാമ്പസിലേക്ക് എത്തിയിരിക്കുന്നത്. സ്വയംഭരണ പദവിയിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുകൾ നടത്തുന്ന കോളേജിന്റെ വികസന സംസ്കാരത്തിലേക്കും ക്യാമ്പസ് അന്തരീക്ഷത്തിലേക്കും പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനാണ് 2026 ജൂലൈ 1 ബുധനാഴ്ച ഈ അഞ്ചു ദിവസത്തെ പരിപാടി ആരംഭിച്ചത്. വിദ്യാർത്ഥികളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് യു.ജി വിദ്യാർത്ഥികൾക്കായി ‘ഡിജെ ഓഡിറ്റോറിയത്തിലും’ പി.ജി വിദ്യാർത്ഥികൾക്കായി ‘നെടുംകല്ലേൽ മെമ്മോറിയൽ ഓഡിറ്റോറിയത്തിലുമായിരുന്നു’ ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. പോൾ കളത്തൂർ സ്വാഗത പ്രസംഗം നടത്തി. കോതമംഗലം രൂപത മെത്രാനും കോളേജ് രക്ഷാധികാരിയുമായ റവ. മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം യോഗത്തിൽ നടത്തി. കോളേജ് മാനേജർ റവ. മോൺ. പയസ് മലേകണ്ടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ് വിദ്യാർത്ഥികൾക്കായി പ്രിൻസിപ്പൽ സന്ദേശം നൽകുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കിക്കൊണ്ടുള്ള ‘കൾച്ചറൽ ഫിയസ്റ്റ’ അരങ്ങേറി. മഹാത്മാഗാന്ധി സർവ്വകലാശാല കലാതിലകം അപർണ്ണ മോഹൻ വേദിയിൽ അവതരിപ്പിച്ച നൃത്തവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. കൂടാതെ, ത്രിപുരയിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ തനത് കലാരൂപമായ നൃത്തം വേദിയിൽ അവതരിപ്പിച്ചത് കാണികളിൽ ഏറെ കൗതുകവും ആവേശവും ഉണർത്തി. അഡ്മിഷൻ നോഡൽ ഓഫീസർ മാത്യൂസ് കെ. മനയാനി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പുതിയ ക്യാമ്പസ് അന്തരീക്ഷവുമായി പൊരുത്തപ്പെടാനും, അധ്യാപകരുമായും സഹപാഠികളുമായും മികച്ച ബന്ധം സ്ഥാപിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്ന വിവിധ സെഷനുകൾ വരും ദിവസങ്ങളിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടക്കും.