
എറണാകുളം:കാലടി പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അബോധാവസ്ഥയിലായ യുവാവിന് സമയോചിതമായി സി.പി.ആർ നൽകി ജീവൻ തിരിച്ചുപിടിച്ച് രണ്ട് ആരോഗ്യപ്രവർത്തകർ. സ്റ്റാഫ് നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് അവസാനവർഷ വിദ്യാർഥിനിയായ ആർദ്ര രാജുമാണ് ജീവൻ രക്ഷിച്ച മാലാഖമാരായി മാറിയത്.
പെരുമ്പാവൂർ ടോംസ് പാർക്കിൽ ‘നൈസ് ഓട്ടോസ്’ സ്ഥാപനം നടത്തുന്ന സി.ഇ. സിനാജിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. ഇതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയായിരുന്നു.
കാറിനുള്ളിൽ സിനാജ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാരനായ രഞ്ജിത്ത് ഉടൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ട്രാഫിക്കിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളിലേക്ക് ഓടിക്കയറി “ആരെങ്കിലും ആരോഗ്യപ്രവർത്തകർ ഉണ്ടോ?”എന്ന് വിളിച്ചുചോദിച്ച അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് നിർണായകമായത്.
അപ്പോഴാണ് സമീപത്ത് കുടുങ്ങിക്കിടന്ന ബസിലുണ്ടായിരുന്ന അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അഞ്ജലി ബൈജുവും, കോതമംഗലം മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിലെ അവസാനവർഷ വിദ്യാർഥിനി ആർദ്ര രാജും സഹായത്തിനായി ഓടിയെത്തിയത്.
സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഇരുവരും ഒട്ടും വൈകാതെ സി.പി.ആർ നൽകി. കൃത്യസമയത്ത് നൽകിയ ജീവൻരക്ഷാ ചികിത്സ ഫലംകണ്ടതോടെ സിനാജിന് ശ്വാസം തിരിച്ചുകിട്ടി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം.
സമയോചിതമായ ഇടപെടലും ശരിയായ പ്രാഥമിക ചികിത്സയും ഒരു ജീവൻ രക്ഷിക്കാമെന്നതിന് കാലടിയിൽ നടന്ന ഈ സംഭവം വീണ്ടും തെളിവായി. രണ്ട് ആരോഗ്യപ്രവർത്തകരുടെയും രഞ്ജിത്തിന്റെയും ഇടപെടലാണ് ഒരു കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവനെ തിരികെ നൽകിയത്.