
മുളന്തുരുത്തി: ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കടുത്ത നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ (Operation Toofan) ഭാഗമായി മുളന്തുരുത്തി പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ലെബിൻ (28), അഞ്ചൽ ഗോപി (28) എന്നിവരാണ് അറസ്റ്റിലായത്.
ലെബിനിൽ നിന്ന് 7 ഗ്രാം കഞ്ചാവും അഞ്ചൽ ഗോപിയിൽ നിന്ന് 5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പിടിയിലായ ലെബിൻ നിസ്സാരക്കാരനല്ല. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമായി ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ നിലവിലുണ്ട്. അഞ്ചൽ ഗോപിയും മുൻപ് ഏഴോളം കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്.
പ്രതികൾ ഇരുവരും ദീർഘകാലമായി ലഹരി ഉപയോഗിക്കുന്നവരും കൈവശം വെക്കുന്നവരുമാണെന്ന് പോലീസ് വ്യക്തമാക്കി. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാന മൊത്തവിതരണക്കാരെ (Suppliers) കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് മുളന്തുരുത്തി പോലീസ്. വിതരണ ശൃംഖലയെ തകർക്കാനാവശ്യമായ അന്വേഷണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേഷൻ പരിധിയിലെ ലഹരി ഉപയോഗിക്കുന്നവരുടെയും വിൽപ്പന നടത്തുന്നവരുടെയും വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം വ്യാപകമായ റെയ്ഡുകളും പരിശോധനകളും നടന്നിരുന്നു. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വരും ദിവസങ്ങളിലും ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്തതും കർശനവുമായ പരിശോധനകൾ തുടരുമെന്ന് മുളന്തുരുത്തി പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ അറിയിച്ചു