
എറണാകുളം കാഞ്ഞിരമറ്റത്ത് ഇരുചക്ര വാഹന സ്പെയർപാർട്സ് ഷോറൂമും ബൈക്കുകളും കത്തിനശിച്ചതിനു പിന്നാലെ കാണാതായ 16 വയസ്സുകാരന് മരിച്ച നിലയിൽ. എടയ്ക്കാട്ടുവയൽ വറുങ്ങിൻ ചുവടിന് സമീപത്തെ വിജനമായ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ണം വെളി വീട്ടിൽ ശ്രീഹരി എന്ന കുട്ടിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ബൈക്കും സ്പെയര്പാർട്സുകളും വിൽക്കുന്ന ഷോറൂമും സമീപത്തുണ്ടായിരുന്ന ഏതാനും ബൈക്കുകളും കത്തിനശിച്ച കേസിൽ പൊലീസ് ശ്രീഹരിയെ സംശയിച്ചിരുന്നു. സംഭവത്തിൽ മുളന്തുരുത്തി പൊലീസാണ് അന്വേഷണം നടത്തുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രീഹരിയുടെ വീട്ടിൽനിന്ന് ഏതാനും വീടുകൾ മാറിയുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ മുകളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തീപിടിത്തം നടന്നതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം. കെട്ടിടത്തിലെ വൈദ്യുതി കണക്ഷന് ലഭിക്കാൻ പരിശോധിക്കാനെത്തിയ ഉടമസ്ഥനും കെഎസ്ഇബി ഉദ്യോഗസ്ഥരും ദുർഗന്ധം വമിക്കുന്നത് അന്വേഷിച്ചതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശ്രീഹരിയുടെ പിതാവ്.
ഈ മാസം 10ന് പുലർച്ചെയാണ് കാഞ്ഞിരമറ്റത്തെ ഇരുചക്ര സ്പെയർപാർട്സ് കടയില് വൻ തീപിടിത്തമുണ്ടാകുന്നതും പിന്നാലെ 16കാരനെ പൊലീസ് സംശയിക്കുന്നതും. തീപിടുത്തത്തിന് തൊട്ടുമുൻപ് കൗമാരക്കാരൻ ഒരു കുപ്പിയുമായി സംഭവസ്ഥലത്ത് എത്തുന്നതും തീ പടർന്നയുടൻ അവിടെനിന്ന് ഓടിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തീപിടുത്തത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് ശ്രീഹരിയെ പിടികൂടി ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ പ്രതികാരമായാണോ കടയ്ക്ക് തീയിട്ടതെന്നായിരുന്നു പോലീസ് സംശയം. തീപിടിത്തത്തിന് ശേഷമുള്ള ദിവസം, മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ വീടിന് രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിലാണ് ശ്രീഹരി കഴിഞ്ഞത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിന്റെ പിറ്റേന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പൊലീസ് അന്വേഷണവും വന്നതോടെ കുട്ടി പരിഭ്രാന്തനായെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായ കാര്യം കുടുംബം അറിയിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കുട്ടി ഒളിവിൽ പോയി എന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. അതേ സമയം, മനഃപൂർവം തീവച്ചതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കടയുടമയുമായി ശ്രീഹരിക്ക് മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആ സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയെ സംശയനിഴലിലാക്കിയത്. കടയ്ക്കുള്ളിൽനിന്ന് ഓയിലോ മറ്റോ ശേഖരിക്കാൻ കയറിയപ്പോൾ സിഗരറ്റിൽ നിന്നോ ലൈറ്ററിൽ നിന്നോ ഉള്ള തീപ്പൊരി പടർന്ന് അബദ്ധത്തിൽ തീപിടിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കൊണ്ടുപോയി.