സർക്കാർ പദ്ധതിയായ ഭൂമിയുടെ ഡിജിറ്റൽ സർവേയുടെ മറവിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത് സമാന്തര സർവേ നടത്തി വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് 2 വനിതാ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പിറവം റീസർവേ സൂപ്രണ്ട് ഓഫിസിനു കീഴിലാണു സംഭവം
തുടർന്ന് കരാർ സർവേയർ മനില പി.മണിയെ കലക്‌ടർ പിരിച്ചുവിട്ടു. ഡിപ്പാർട്‌മെന്റ് സർവേയർ ഒ.ടി.സന്ധ്യയെ സർവേ ഡയറക്‌ടർ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചതിനെ തുടർന്ന് മനിലയ്ക്ക് എതിരെയാണ്ആദ്യം നടപടിയെടുത്തത്. പിന്നീട് സർവേ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥഥർ ഉൾപ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സന്ധ്യയെ സസ്പെൻഡ് ചെയ്തത്. അവധി ദിവസങ്ങളിലും വാടകയ്ക്ക് എടുത്ത ഡിജിറ്റൽ ഉപകരണങ്ങളുമായി മണീട് വില്ലേജിലെത്തി ഇരുവരും സർവേ നടത്തുകയും സ്‌ഥലത്തിൽ അപാകതയുണ്ടന്നു വസ്തു ഉടമകളെ തെറ്റിദ്ധരി പ്പിച്ച് 4000 രൂപ മുതൽ 25,000 രൂപ വരെ കൈപ്പറ്റിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്
ഗുരുതര പ്രശ്നമുള്ളവരുടെ സ്ഥലങ്ങൾക്ക് സെന്റിന് 100 രൂപ നിരക്കിൽ തുക കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.
വിവിധ വ്യക്തികളുമായി നടത്തിയ വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇവർ നിർദേശിച്ച ആളുകളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് പണം അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടുകളും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു