തിരുവാങ്കുളത്തെ ഗതാഗതക്കുരുക്ക് ശാശ്വതപരിഹാരം വേണം: കൊച്ചി മെട്രോ ചോറ്റാനിക്കരയിലേക്കും നീട്ടണം : വൈസ്മെൻ തൃപ്പൂണിത്തുറ മെട്രോ ക്ലബ്ബ്

തിരുവാങ്കുളം: തിരുവാങ്കുളം ജംഗ്ഷനിൽ ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വികസന പദ്ധതികൾ ഫയലിൽ ഉറങ്ങിക്കിടക്കുകയാണ്. സ്‌കൂൾ _ ഓഫിസ് സമയങ്ങളിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു കിടക്കും. ആംബുലൻസുകൾ പോലും പലപ്പോഴും ഈ കുരുക്കിൽ പെടാറുണ്ട്. NH85ൻ്റെ ഭാഗമായ തിരുവാങ്കുളം – കരിങ്ങാച്ചിറ സെക്ടർ ബ്ലക്സ്പോട് ആയി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുക യാണ്. ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി കണക്കാക്കുന്ന മാമല-ചിത്രപ്പുഴ ബണ്ട് റോഡ് പദ്ധതിയും അനിശ്ചിതത്വത്തിലാണ്.

ഈ സാഹചര്യത്തിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ തിരുവാങ്കുളം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പിറവം MLA ലെ കൂടിയായ മന്ത്രി അനൂപ് ജേക്കബ്ബ് ഇടപെടണമെന്ന് വൈസ്മെൻ തൃപ്പൂണിത്തുറ മെട്രൊ ക്ലബ്. തിരുവാങ്കുളത്തെ ഗതാഗത കുരുക്ക് അഴിക്കാൻ ബണ്ട് റോഡ് നിർമാണം എത്രയും വേഗം തുടങ്ങണമെന്ന് മന്ത്രി അനൂപ് ജേക്കബ്ബിന് വൈസ്മെൻ തൃപ്പൂണിത്തുറ മെട്രോ ക്ലബ്ബ് നിവേദനം കൈമാറി. ക്ലബ് പ്രസിഡൻ്റ് തോമസ് മലയിൽ സെക്രട്ടറി ഷാജു തോമസ്, വൈസ്മെൻ മിഡ് വെസ്റ്റ് റീജ്യൺ ഡിസ്ട്രിക് 9 DG വിനോദ് കുമാർ, തൃപൂണിത്തുറ വൈസ് മെനറ്റ്സ് പ്രസിഡൻ്റ് ജീനാ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ബണ്ട് റോഡ് നിർമാണത്തിന് മുൻകൈ എടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.. ചോറ്റാനിക്കരയിലേക്ക് മെട്രോ നീട്ടണം എന്നും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

.