
അങ്കമാലി കേരള പത്രപ്രവർത്തക അസോസിയേഷന്റെ 14-ാമത് എറണാകുളം ജില്ലാ സമ്മേളനം 2027 ജനുവരി 8, 9 തീയതികളിൽ അങ്കമാലിയിൽ നടക്കും സമ്മേളനത്തിന്റെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രകാശനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു മേനാച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് കെ.കെ., വൈസ് പ്രസിഡന്റ് രാഹുൽ സി. രാജ്, സെക്രട്ടറിമാരായ ഷിൻസ് തൊടുവയിൽ, ജോഷി കെ.സി., ജില്ലാ കമ്മിറ്റിയംഗം ദിനു മുളന്തുരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും വിശ്വാസ്യതയും ഉയർത്തിപ്പിടിച്ച് മാധ്യമപ്രവർത്തകരുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയുടെ ജില്ലാ സമ്മേളനം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. മാധ്യമരംഗത്തെ പുതിയ വെല്ലുവിളികൾ, പ്രാദേശിക-ജില്ലാ തലങ്ങളിലെ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തന രൂപരേഖ എന്നിവ സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കൽ, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ എന്നിവയും നടക്കും.
ചരിത്രത്തിലാദ്യമായി അംഗങ്ങളുടെ തിരിച്ചറിയൽ കാർഡിലും പ്രസ്സ് സ്റ്റിക്കറിലും ക്യു ആർ കോഡ് (QR Code) സംവിധാനം ഏർപ്പെടുത്തി മാതൃകയായ സംഘടനയാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ. ഇതുവഴി സർക്കാർ ഏജൻസികൾക്കും പൊതുജനങ്ങൾക്കും യഥാർത്ഥ മാധ്യമപ്രവർത്തകരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇത്തവണയും അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സമ്മേളനം സ്വീകരിക്കും. സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകർക്ക് ആവശ്യമായ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു. യു.യു. മുഹമ്മദ് കുഞ്ഞ് (രക്ഷാധികാരി), ബൈജു മേനാച്ചേരി (സംഘാടക സമിതി ചെയർമാൻ), സുമേഷ് കെ.കെ. (ജനറൽ കൺവീനർ), പോൾ സി. ജേക്കബ് (ജോയിന്റ് കൺവീനർ), ദിവ്യ ബേസിൽ, ദിനു മുളന്തുരുത്തി (പ്രോഗ്രാം കൺവീനർമാർ), രാഹുൽ സി. രാജ് (ഫിനാൻസ് കമ്മിറ്റി ചെയർമാൻ), ഷിൻസ് തൊടുവയിൽ, സുജിത്ത് എൻ.ജി. (പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാർ), പ്രവീൺ പാമടത്ത്, ജോഷി കെ.സി. (സപ്ലിമെന്റ് കമ്മിറ്റി കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.