
എറണാകുളം ആമ്പല്ലൂർ: തർക്കങ്ങൾ പ്രാദേശികതലത്തിൽ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘ആമ്പല്ലൂർ തർക്കപരിഹാര മധ്യസ്ഥതാവേദി’യുടെ പദ്ധതി വിശദീകരണ യോഗം മില്ലുങ്കൽ ജെൻഡർ റിസോഴ്സ് സെന്റർ ഹാളിൽ നടന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നൂതന തർക്കപരിഹാര സംരംഭമാണിത്.
ജനകീയാസൂത്രണ വാർഷിക പദ്ധതി 2026–27-ൽ ഉൾപ്പെടുത്തി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, ഡി മീഡിയേഷൻ സൊസൈറ്റി, ശ്രീനാരായണ ലോ കോളേജ് പൂത്തോട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികതലത്തിൽ ചർച്ചയും മധ്യസ്ഥതയും വഴി തർക്കങ്ങൾക്ക് വേഗത്തിലും സൗഹാർദ്ദപരമായും പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല സത്യൻ സ്വാഗതം ആശംസിച്ചു. മീഡിയേഷൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് സി. മുട്ടത്ത് മീഡിയേഷൻ, മീഡിയേഷൻ ആക്ട്, ആമ്പല്ലൂർ മധ്യസ്ഥതാ മാതൃക എന്നിവ അവതരിപ്പിച്ചു. എസ്.എൻ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ആർ. രഘുനാഥൻ, അഡ്വ. രാധാകൃഷ്ണൻ എസ്., ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. എ. മുകുന്ദൻ എന്നിവർ സംസാരിച്ചു.
ഈ മാസം തന്നെ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടത്തും.
വാർഡ് മെമ്പർമാർ, കുടുംബശ്രീ, ഹരിതകർമ്മസേന, ആശാ പ്രവർത്തകർ, സ്കൂൾ അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, സുസ്ഥിരാ ഫൗണ്ടേഷൻ പ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാ ഗോപാലൻ നന്ദി പറഞ്ഞു.