
അജൈവ മാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണത കൈവരിച്ചുകൊണ്ട് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ജില്ലയിൽ ജൈവ മാലിന്യ സംസ്കരണത്തിലും സമ്പൂർണ്ണത കൈവരിച്ചു. സമ്പൂർണ്ണ ജൈവമാലിന്യ സംസ്കരണ പഞ്ചായത്തായി ആമ്പല്ലൂരിനെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിന്റെ ആശ്രയ ഓണാഘോഷവും ഓണക്കോടിയും ഓണക്കിറ്റ് വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന മഴയറിവ് എന്ന പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നൽകി. ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ, വൈസ് പ്രസിഡന്റ് ഷീല സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം കെ സുരേന്ദ്രൻ, കർണ്ണകി രാഘവൻ, ലീല ഗോപാലൻ, മുൻ പ്രസിഡന്റ് ബിജു തോമസ്, ബ്ലോക്ക് അംഗങ്ങളായ സി ആർ ദിലീപ് കുമാർ ,ബിനു പുത്തേത്ത് മ്യാലിൽ, പഞ്ചായത്തംഗം എം എസ് ഹമീദ് കുട്ടി, കുടുംബശ്രീ ചെയർപേഴ്സൺ സരിത മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എ മുകുന്ദൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ( ആർ. പി) കെ ടി രത്നാഭായ്, സെക്രട്ടറി കെ മനോജ് , വി ഇ ഒ കെ ആർ രാജി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു.