വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കോട്ടയം – എറണാകുളം റോഡിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അത്ഭുതകരമായ രക്ഷപ്പെടൽ

കോട്ടയം: സെന്റ് ജോർജ് ക്ലിനിക്കിന് മുൻവശത്തുവച്ച് കോട്ടയം – എറണാകുളം റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായത് യാത്രക്കാരിൽ വലിയ ആശ്വാസമായി. ഇന്ന് രാവിലെ 6.10-ഓടെയായിരുന്നു സംഭവം.

വലിയൊരു വളവിൽ വച്ച് കോൺട്രാക്ട് കാറേജ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഈ സമയം എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് നേരെ വാഹനം എത്തിയതോടെ, ഇരു വാഹങ്ങളും കൂട്ടിയിടിക്കാതിരിക്കാൻ സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. സ്വകാര്യ ബസ് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഇരു വാഹനങ്ങളും നേരെ കൂട്ടിയിടിച്ച് വലിയൊരു ദുരന്തത്തിന് സാധ്യതയേറെയുണ്ടായിരുന്നു.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാഹനം റോഡരികിലെ കലുങ്കിന് സമീപം താഴ്ചയിലേക്ക് ചരിഞ്ഞു നിൽക്കുകയാണുണ്ടായത്. ഈ രീതിയിൽ വാഹനം ചരിഞ്ഞു നിന്നത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.