
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയര്‍ കാലില്‍ പ്ലാസ്റ്ററിട്ടു. മേയര്‍ ഉള്‍പ്പെടെ 16 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാ നാഥും ചികിത്സയിലാണ്.
അതേസമയം, മേയറുടെ നേതൃത്വത്തില്‍ ബിജെപിയാണ് ആക്രമണം ഉണ്ടാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചു. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. മേയറെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണമുണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാന്‍ മേയര്‍ തയ്യാറായില്ലെന്നും സഹപ്രവര്‍ത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന് മേയര്‍ മറന്നുവെന്നും കടകംപള്ളി പറഞ്ഞു. ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയില്ല. ആര്‍എസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്ന് കെ സുരേന്ദ്രന് പറഞ്ഞു. ആസൂത്രിത ആക്രമണമാണ് നടന്നത്. മേയറുടെ കാലിന് പരിക്കേറ്റു. ആശാനാഥിന് തലയ്ക്ക് പരിക്കേറ്റു. രണ്ട് വട്ടം ഛര്‍ദ്ദിച്ചു. ആക്രണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പത്തൊമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിനെ തുടർന്നായിരുന്നു എൽഡിഎഫ് മെയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. മേയറെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെയായിരുന്നു എൽഡിഎഫിൻ്റെ പ്രതിഷേധം. സംഘർഷത്തെ തുടർന്ന് വനിതാ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൗണ്‍സിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി മരവിച്ചിരുന്നു. ഇതിന് പിന്നാലെ ആർ സുഗതൻ ഒഴികെയുള്ള 19 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. കാപ്പ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതൻ്റെ സത്യപ്രതിജ്ഞ നടത്താതിരുന്നതിൽ എൽഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ മുതൽ എല്‍ഡിഎഫ് പ്രതിഷേധം നടത്തി വരികയായിരുന്നു.