
കർക്കിടകവാവു ബലിയോടനുബന്ധിച്ച് ആലുവയിൽ അഞ്ഞൂറോളം പോലീസുകാരെ വിന്യസിക്കും. ഇതു സംബന്ധിച്ച അവലോകന യോഗം ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ അധ്യക്ഷതയിൽ നടന്നു. ബസ് സ്റ്റാൻ്റ്, റയിൽവേ സ്റ്റേഷൻ, മെട്രോ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കും. അധിക പട്രോളിംഗ് സംഘങ്ങളുണ്ടാകും. ലഹരി വസ്തുക്കളുടെ വിൽപ്പനയും, ഉപയോഗവും തടയുന്നതിന് ഡാൻസാഫ് ടീമിനെ വിന്യസിക്കും. മോഷണം തടയുന്നതിന് മഫ്റ്റിയിൽ പോലീസുകാരുണ്ടാകും. മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം തുറക്കും. ഇത് 24 മണിക്കൂറും പ്രവർത്തിക്കും. തിരക്കൊഴിവാക്കാൻ ഗതാഗതക്രമീകരണങ്ങൾ എർപ്പെടുത്തും. കൂടുതൽ സി.സി.ടി.വി ക്യാമറകൾ എർപ്പെടുത്തും. യോഗത്തിൽ ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, റയിൽവേ ഡി .വൈ എസ് പി ജോർജ് ജോസഫ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരി രാജ്, മുൻസിപ്പൽ സെക്രട്ടറി ജസീത വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.