
നാട്ടിൻപുറങ്ങളെ ലഹരിയുടെ മരവിപ്പിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയകൾക്ക് ശക്തമായ താക്കീതായി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’. എറണാകുളം റൂറൽ എസ്.പി സുദർശൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുളന്തുരുത്തിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായിരിക്കുകയാണ്.
പെരുമ്പള്ളി ചിറക്കപ്പറമ്പിൽ വീട്ടിൽ 28-കാരനായ എബനേസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 3 കിലോ 410 ഗ്രാം കഞ്ചാവിന് പുറമെ, ഇവ ചെറുകിട വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസ്,സിപ് ലോക്കും വീട്ടിൽ നിന്ന് കണ്ടെടുത്തു. വിപണിയിൽ ഏകദേശം 75000 രൂപ വില വരുന്ന കഞ്ചാവിന്റെ ശേഖരമാണ്
പിടിച്ചെടുത്തത്.
ഏറെക്കാലമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന പ്രതിയെ പലതവണ മുളന്തുരുത്തി പോലീസ് സെർച്ച് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുകയായിരുന്നു, പോലീസിന്റെ വളരെ ആസൂത്രിതമായ
നിരീക്ഷണത്തിനും നീക്കത്തിനുമോടുവിലാണ് ഇപ്പോൾ അറസ്റ്റിലായത്. ലഹരി വിൽപ്പന സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ എത്രത്തോളം പ്രൊഫഷണലായും ആസൂത്രിതമായും ആണ് പ്രവർത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്.
പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ മേൽനോട്ടത്തിൽ, മുളന്തുരുത്തി എസ്.എച്ച്.ഒ സംഗീത് പുനത്തിൽ, സബ് ഇൻസ്പെക്ടർമാരായ പ്രിൻസി സി.ആർ, പ്രവീൺ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ് എബ്രഹാം, സനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് ഈ വൻ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
നമ്മുടെ യുവതലമുറയെ കാർന്നുതിന്നുന്ന ഈ വിപത്തിനെതിരെ എറണാകുളം റൂറൽ പോലീസ് നടത്തുന്ന ഇത്തരം ശക്തമായ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. എന്നാൽ ലഹരി മാഫിയകളെ പൂർണ്ണമായും വേരോടെ പിഴുതെറിയാൻ പോലീസിന്റെ പരിശോധനകൾക്ക് ഒപ്പം പൊതുസമൂഹത്തിന്റെ ജാഗ്രതയും കൃത്യമായ വിവരമറിയിക്കലും അത്യന്താപേക്ഷിതമാണ്.