കേരളപ്പിറവിയുടെ എഴുപതാം പിറന്നാളിൽ ലഹരിക്കെതിരെ കായിക മുന്നേറ്റം; ആമ്പല്ലൂരിൽ ആവേശമായി ‘ഓപ്പറേഷൻ തൂഫാൻ’

കേരളം എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശമുയർത്തിയും ആരോഗ്യകരമായ യുവത്വത്തിനായി കായികമുന്നേറ്റത്തിന് ആഹ്വാനം ചെയ്തും ആമ്പല്ലൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ മാരത്തോൺ സംഘടിപ്പിച്ചു. നവംബർ 7, 8 തീയതികളിൽ നടക്കുന്ന കേരളോത്സവം 2026-ന്റെ പ്രചാരണത്തിന്റെ കൂടി ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

 

പഞ്ചായത്തിൻ്റെ വടക്കേ അറ്റത്ത് ,ആമ്പല്ലൂർ പാണാർ പാലത്തിൽനിന്ന് ആരംഭിച്ച മാരത്തോൺ തെക്കേ അതിരിന് സമീപമുള്ള അരയൻകാവ് ദേവീക്ഷേത്ര മൈതാനിയിൽ സമാപിച്ചു. നൂറുകണക്കിന് കായികതാരങ്ങളും യുവജനങ്ങളും അണിനിരന്ന മാരത്തോൺ ആവേശകരമായ ജനപങ്കാളിത്തംകൊണ്ട് ആമ്പല്ലൂർ പഞ്ചായത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായമായി മാറി. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കർ കെ.ജെ. മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആർ. ദിലീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ. സുരേന്ദ്രൻ, ലീലാ ഗോപാലൻ, കർണ്ണകി രാഘവൻ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.കെ. രമേശൻ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ഹമീദ് കുട്ടി, ശ്രീരാജ് കെ.ആർ., അതുൽ പി.ആർ., ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ. മുകുന്ദൻ എന്നിവർ സംസാരിച്ചു.

 

കേരളോത്സവത്തിന്റെ പ്രചാരണത്തിനപ്പുറം യുവജനങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് അകറ്റി കായികവിനോദങ്ങളിലേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ആകർഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് മാരത്തോണിലൂടെ മുന്നോട്ടുവെച്ചത്.

 

വിവിധ മേഖലകളിൽനിന്നുള്ള കായികതാരങ്ങൾക്കും യുവജനങ്ങൾക്കും പുറമെ വ്യാപാരികൾ, റസിഡൻസ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടേയും വനിതകളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ജനകീയ മുന്നേറ്റമാക്കി മാറ്റി. കേരളത്തിന്റെ എഴുപതാം പിറന്നാളിൽ, ലഹരിമുക്തവും ആരോഗ്യകരവുമായ ഒരു നവകേരളത്തിനായുള്ള സന്ദേശം ഉയർത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ ആമ്പല്ലൂരിന്റെ കൂട്ടായ്മയുടെയും യുവജനശക്തിയുടെയും ശ്രദ്ധേയമായ അടയാളപ്പെടുത്തലായി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലുകളും നൽകി. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം പ്രത്യേകം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഓടിയെത്തിയവർക്കുള്ള ട്രോഫികളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.