സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്‌ആർടിസി യാത്ര: പുരുഷന്മാർക്കും ആനുകൂല്യം വേണമെന്ന് നടി പ്രിയങ്ക അനൂപ്

സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ കെഎസ്‌ആർടിസി യാത്രാപദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ്. സ്ത്രീയും പുരുഷനും സമൂഹത്തിൽ തുല്യരായതിനാൽ പുരുഷന്മാർക്കും സമാനമായ യാത്രാ ആനുകൂല്യങ്ങൾ നൽകണമെന്ന് താരം അഭിപ്രായപ്പെട്ടു.

 

ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്കയുടെ പ്രതികരണം. “സ്ത്രീയും പുരുഷനും രണ്ടും തുല്യരാണ്. പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണം എന്നാണ് എന്റെ അഭിപ്രായം. പ്രായമായവർക്കു മാത്രമല്ല, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കും ഇത്തരം സഹായങ്ങൾ ലഭിക്കണം,” താരം പറഞ്ഞു.

 

കെഎസ്‌ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ പ്രത്യേക സർവീസുകൾ ഒരുക്കുന്നതും പരിഗണിക്കാമെന്ന് പ്രിയങ്ക നിർദേശിച്ചു. സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹമാണെന്നും എന്നാൽ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

അതേസമയം, ജൂൺ 15 മുതൽ ആരംഭിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിയെ പിന്തുണച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.