ചൂടിന് ആശ്വാസമായി ദാഹജല വിതരണം

 

അരയൻകാവ്: വേനൽചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ ദാഹജല വിതരണവുമായി ‘ക്രിയേറ്റീവ് അരയൻകാവ്’. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അരയൻകാവിലെ രണ്ട് പ്രധാന ബസ് സ്റ്റോപ്പുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി. രഞ്ജിത്ത് കുമാർ നിർവ്വഹിച്ചു. നാടിന്റെ നന്മ ലക്ഷ്യമാക്കി നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ക്രിയേറ്റീവ് അരയൻകാവിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് നടന്നു വരുന്നത്. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശം ഏറ്റെടുത്ത് യാത്രക്കാർക്കായി ഇത്തരമൊരു സംരംഭം നടപ്പിലാക്കിയത്.

ക്രിയേറ്റീവ് അരയൻകാവ് പ്രസിഡന്റ് എം.യു. പൗലോസിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ക്രിയേറ്റീവ് പ്രവർത്തകരും പ്രദേശത്തെ വ്യാപാരി സുഹൃത്തുക്കളും പങ്കുചേർന്നു.