സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ.

കെഎസ്‌ആർടിസി ബസ്സുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ, സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ.

പൂത്തോട്ട – കലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന കെ പി എം ട്രാവല്‍സാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

തന്‍റെ ഉടമസ്ഥതയിലുള്ള ഏഴ് ബസുകളില്‍ ഒന്നിലാണ് പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ച്‌ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നതെന്ന് ബസ് ഉടമയും മർച്ചന്റ് നേവി ക്യാപ്റ്റനുമായ കെ പി പങ്കജാക്ഷൻ പറഞ്ഞു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികള്‍ക്കാണ് പരിഗണനയുള്ളത്. പ്രതിദിനം 250ല്‍ അധികം വിദ്യാർത്ഥികളാണ് ഈ ബസില്‍ യാത്ര ചെയ്യാറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

തീരുമാനത്തിനെതിരെ എതിർപ്പുകള്‍ ഉണ്ടായേക്കാമെങ്കിലും വിദ്യാർഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രീതി മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയില്‍ നിന്ന് വിദ്യാർഥികളെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ചൂണ്ടിക്കാണിച്ച പങ്കജാക്ഷൻ, ഇതിലൂടെ സർക്കാരിന് വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാകട്ടെയെന്നും അഭിപ്രായപ്പെട്ടു. പൂത്തോട്ടയില്‍ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച ട്രിപ്പ്‌ മുതല്‍ സ്കൂള്‍ വിദ്യാർഥികള്‍ ഈ ബസില്‍ സൗജന്യ യാത്ര തുടങ്ങി