ചാലക്കപ്പാറയിലെ ജനവാസ മേഖലയിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയർത്തി നാട്ടുകാർ

ചാലക്കപ്പാറയിലെ ജനവാസ മേഖലയിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയർത്തി നാട്ടുകാർ. ചാലക്കപ്പാറ ധർമ്മക്കുഴി റോഡിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായവർക്കുള്ള ബഡ്സ് സ്കൂളിന് സമീപത്താണ് എയർടെൽ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മാണം ആരംഭിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സമയത്ത് നിർമ്മാണ സാമഗ്രികൾ ഇറക്കിയെങ്കിലും പരിസരവാസികൾ തടയുകയും വിവരം എം.എൽ.എ അനൂപ് ജേക്കബിനെ അറിയിച്ച് ജില്ലാ കളക്ടറോഡ് നിർമ്മാണം നിർത്തിവെക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തന്നെ വീണ്ടും നിർമ്മാണം തുടങ്ങി.നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി വിവരം അറിഞ്ഞെത്തിയ എം.എൽ.എ.നിർമ്മാണം തടയുകയും നാട്ടുകാരുടെ പ്രതിഷേധമുള്ളിടത്ത് ടവർ നിർമ്മിക്കാൻ അനുവദിക്കില്ലന്നും നിർമ്മാണം ഏറ്റെടുത്ത കരാറുകാരെ അറിയിച്ചു. നിർമ്മാണം തുടർന്നാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അനൂപ് ജേക്കബ് എം.എൽ.എ.അറിയിച്ചു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ബിനു പുത്തേത്ത് മ്യാലിൽ, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ എം.എസ്.ഹമീദ് കുട്ടി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ നാസർപാഴുവേലിൽ, സത്യൻ ടി.എ., റെജി ചൂരകുളങ്ങര, ബിനി ജയകുമാർ എന്നിവർ സംബന്ധിച്ചു.